അടിസ്ഥാന വിഭാഗക്കാരുടെ വിദ്യാഭ്യാസ ഉന്നതി ഉറപ്പാക്കും: മന്ത്രി കേളു

കണ്ണൂർ : അടിസ്ഥാന വിഭാഗക്കാരുടെ വിദ്യാഭ്യാസ ഉന്നതി ഉറപ്പാക്കുമെന്നും ഇതിനായി നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നതെന്നും മന്ത്രി ഒ.ആര്‍. കേളു. കോളയാട് പഞ്ചായത്ത് പെരുവ വാര്‍ഡിലെ ചെമ്ബുക്കാവ് പ്രീമെട്രിക് ഹോസ്റ്റല്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.

കെ.കെ. ശൈലജ എംഎല്‍എ അധ്യക്ഷയായിരുന്നു. പട്ടിക വര്‍ഗ വികസന വകുപ്പ് അനുവദിച്ച 4,02,38,321 രൂപ ഉപയോഗിച്ച്‌ സംസ്ഥാന സര്‍ക്കാരിന്‍റെ ഉടമസ്ഥതയിലുള്ള പൊതുമേഖലാ സ്ഥാപനം കേരള ഇലക്‌ട്രിക്കല്‍ ആൻഡ് അലൈഡ് എൻജിനിയറിംഗ് കമ്ബനി ലിമിറ്റഡാണ് ഹോസ്റ്റല്‍ നിര്‍മാണം പൂര്‍ത്തീകരിച്ചത്. 60 കുട്ടികള്‍ക്ക് താമസിക്കാന്‍ ഉതകുന്ന രീതിയില്‍ 24 മുറികളാണ് ഹോസ്റ്റലില്‍ സജ്ജമാക്കിയിരിക്കുന്നത്. അടുത്ത അധ്യയനവര്‍ഷം മുതല്‍ ഹോസ്റ്റല്‍ പ്രവര്‍ത്തിച്ചു തുടങ്ങാനാകും. ജില്ലയില്‍ നിന്നും സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥിനികള്‍ക്ക് ഇവിടെ പഠിക്കാം.

കെല്‍ അസി. എക്സിക്യൂട്ടീവ് എൻജിനിയര്‍ എം. നവീന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ. സുധാകരന്‍, കോളയാട് പഞ്ചായത്ത് പ്രസിഡന്‍റ് എം. റിജി, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അംഗം വി. ഗീത, കോളയാട് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ.ഇ. സുധീഷ്കുമാര്‍ രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പ്രസംഗിച്ചു.