വര്‍ധിക്കുന്ന ജോലി സമ്മര്‍ദ്ദം;പഠന റിപ്പോര്‍ട്ട് യുവജന കമ്മീഷന് മുഖ്യമന്ത്രിക്ക് കൈമാറി
കണ്ണൂർ:-യുവജനങ്ങള്‍ക്കിടയിലെ തൊഴില്‍ സമ്മര്‍ദ്ദവും തുടര്‍ന്നുള്ള മാനസിക പ്രശ്നങ്ങളും ആത്മഹത്യാ പ്രവണതയും വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ യുവജന കമ്മീഷന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ശാസ്ത്രീയ പഠന റിപ്പോര്‍ട്ട് ‘ഹെല്‍ത്ത് ഓഫ് യൂത്ത് അറ്റ് വര്‍ക്ക്’ സര്‍ക്കാരിന് സമര്‍പ്പിച്ചു.
സാംസ്കാരിക, ഫിഷറീസ്, യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്റെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് യുവജന കമ്മീഷന് ചെയര്മാന് എം. ഷാജര്‍ റിപ്പോര്‍ട്ട് കൈമാറി. ഐ.ടി, ഗിഗ് ഇക്കോണമി, മീഡിയ, ഇന്‍ഷുറന്‍സ്/ബാങ്കിംഗ്, റീട്ടെയില്‍/ ഇന്‍ഡസ്ട്രിയല്‍ എന്നീ തൊഴില്‍ മേഖലകളില്‍ ജോലി ചെയ്യുന്ന 18നും 40 നും ഇടയില്‍ പ്രായമുള്ള 1548 യുവജനങ്ങളാണ് സര്‍വെയില്‍ പങ്കെടുത്തത്.
റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ മാര്‍ച്ച് മൂന്ന്, നാല് തീയതികളില്‍ തിരുവനന്തപുരം കഴക്കൂട്ടത്ത് മോഡേണ്‍ വേള്‍ഡ് ഓഫ് വര്‍ക്ക് ആന്റ് യൂത്ത് മെന്റല്‍ ഹെല്‍ത്ത് എന്ന വിഷയത്തില്‍ ദേശീയ സെമിനാറും സംഘടിപ്പിക്കും.
കമ്മീഷന് സെക്രട്ടറി ഡി. ലീന ലിറ്റി, അംഗം വി.എ വിനീഷ്, റിസേര്‍ച്ച് ടീം ചെയര്‍പേഴ്സണ്‍ ഡോ. ലിമ രാജ്, ടീം അംഗം ഡോ. അനില്‍ ചന്ദ്രന്, സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ അഡ്വ. എം രണ്‍ദീഷ് എന്നിവര്‍ പങ്കെടുത്തു. യുവജന കമ്മീഷന്റെ ആഭിമുഖ്യത്തില്‍ തയ്യാറാക്കുന്ന രണ്ടാമത്തെ റിപ്പോര്‍ട്ടാണിത്. യുവജനങ്ങളിലെ ആത്മഹത്യ പ്രവണ സംബന്ധിച്ച് നേരത്തെ റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു.