കോളേജിലെ തർക്കം: രണ്ട് വർഷത്തിന് ശേഷം യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ചു

കണ്ണൂർ: കോളേജ് പഠനകാലത്ത് ഉണ്ടായ തർക്കത്തിന് രണ്ട് വർഷത്തിന് ശേഷം യുവാവിനെ ആക്രമിച്ച് ജൂനിയർ വിദ്യാർഥികൾ. വാരം പുറത്തീൽ മുന്നത്ത് ഹൗസിൽ മുനീസ് മുസ്തഫയെ (22) ആണ് ഒരു സംഘം ആക്രമിച്ച് പരിക്കേൽപ്പിച്ചത്.

സംഭവത്തിൽ അതിരകത്തെ മുഫാസ്, കുഞ്ഞിപ്പള്ളി സ്വദേശികളായ മുഫാസ്, ഷിഹാൻ, ഷാൻ, കണ്ടാൽ അറിയാവുന്ന മറ്റൊരാൾക്കും എതിരേ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു. ചുണ്ടിനും മുഖത്തും പരിക്കേറ്റ മുനീസിനെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മുഖത്തേറ്റ പരിക്ക് ഗുരുതരമായതിനാൻ ചാലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പ്ലാസ്റ്റിക് സർജറിക്ക്‌ വിധേയമാക്കി.

ഞായർ രാത്രി പത്തോടെ കാൾ ടെക്സിൽ ചായ കുടിക്കുന്നതിന് ഇടയിൽ എത്തിയ അഞ്ചംഗം സംഘം ആക്രമിക്കുക ആയിരുന്നു. സമീപത്ത് ഉണ്ടായിരുന്ന ആൾ അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തിയപ്പോഴേക്കും ആക്രമി സംഘം ഓടിപ്പോയി. പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.