മെഡിക്കൽ എക്സ്പോ ശ്രദ്ധേയമാകുന്നു
കൽപ്പറ്റ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കല്പറ്റ ബൈപാസ്സിലുള്ള ഫ്ലവർഷോ ഗ്രൗണ്ടിൽ നടത്തി വരുന്ന വയനാട് ഫെസ്റ്റ് കം ഷോപ്പിംഗ് ഫെസ്റ്റിവലിൽ ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ് ഒരുക്കിയ മെഡിക്കൽ എക്സിബിഷൻ ജന ശ്രദ്ധ ആകർഷിക്കുന്നു. അനാട്ടമി വിഭാഗത്തിന്റെ മേൽനോട്ടത്തിൽ സജ്ജീകരിച്ച എക്സ്പോയുടെ ഔദ്യോഗിക ഉദ്ഘാടനം എക്സിക്യൂട്ടീവ് ട്രസ്റ്റി യു.ബഷീർ നിർവ്വഹിച്ചു. പ്രദർശനത്തിൽ കടാവർ (തുറന്ന മനുഷ്യ ശരീരം) കൂടാതെ യഥാർത്ഥ മനുഷ്യ ശരീരത്തിലെ ഒട്ടുമിക്ക അവയവങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഹൃദയം, വൃക്കകൾ, ശ്വാസകോശം, ശ്വസന നാളം, കൈപ്പത്തി, കാൽമുട്ടുകൾ, ഹൃദയത്തിന്റെ ഉൾവശം, കരളും പിത്തസഞ്ചിയും, അന്നനാളം, ആമാശയം, പ്ലീഹ, ചെറുകുടൽ, വൻകുടൽ, ഇടുപ്പിന്റെ നെടുകെയുള്ള ഛേദം, തലച്ചോർ, സുഷുമ്ന, തലയോട്ടിയും താടിയെല്ലും, ചെവിക്കുള്ളിലെ അസ്ഥികൾ, തുടയെല്ല്, കാൽമുട്ടിലെ ചിരട്ടകൾ, അസ്ഥികൂടങ്ങൾ, വിവിധ വളർച്ചാ ഘട്ടങ്ങളിലുള്ള ഗർഭസ്ഥ ശിശുക്കൾ തുടങ്ങി വിജ്ഞാന പ്രദവും അതിലുപരി ആശ്ചര്യമുളവാക്കുന്നതുമായ കാഴ്ചകളാണ് എക്സ്പോയിൽ ഒരുക്കിയിരിക്കുന്നത്.
കൂടാതെ ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിന്റെ സഹകരണത്തോടെ അടിയന്തിര ഘട്ടങ്ങളിൽ നൽകേണ്ട പ്രാഥമിക ചികിത്സകളെ (ബേസിക് ലൈഫ് സപ്പോർട്ട്) കുറിച്ചുള്ള പ്രായോഗിക പരിശീലനവും എക്സ്പോയിൽ നൽകിവരുന്നു. ഒപ്പം പി എം ആർ വിഭാഗത്തിന്റെ കീഴിലുള്ള കൃത്രിമ കൈ – കാൽ നിർമ്മാണ യൂണിറ്റിന്റെ പ്രദർശനവും പ്ലസ്ടു കഴിഞ്ഞവർക്ക് ആരോഗ്യ മേഖലയിലെ കോഴ്‌സുകളെ കുറിച്ചുള്ള വിവരങ്ങൾ നൽകുന്നതിനുള്ള പവലിയനും
സൗജന്യ മെഡിക്കൽ ചെക്ക് അപ്പും അടിയന്തിരഘട്ടങ്ങളിൽ വൈദ്യ സഹായം നൽകുന്നതിനായി ആംബുലൻസ് അടക്കമുള്ള മെഡിക്കൽ സംഘത്തെയും വയനാട് ഫെസ്റ്റ് എക്സ്പോ നഗരിയിൽ ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ് ഒരുക്കിയിട്ടുണ്ട്. ഉച്ച തിരിഞ്ഞ് 3 മണി മുതൽ രാത്രി 10 മണി വരെയുള്ള പ്രദർശനം ഏപ്രിൽ 30 വരെ തുടരും. ചടങ്ങിൽ ഡീൻ ഡോ. എ പി കാമത്, മെഡിക്കൽ സൂപ്രണ്ട് ഡോ. മനോജ് നാരായണൻ, സൂപ്പി കല്ലങ്കോടൻ, ഡോ. ഷാനവാസ് പള്ളിയാൽ, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ ജനറൽ സെക്രട്ടറി കെ.ഉസ്മാൻ, വൈസ് പ്രസിഡൻ്റ് ഇ. ഹൈദ്രു, ട്രഷറർ നൗഷാദ് കാക്കവയൽ എന്നിവർ സന്നിഹിതരായിരുന്നു.