കണ്ണൂർ ഹജ്ജ് ഹൗസിന് ഒൻപതിന് മുഖ്യമന്ത്രി തറക്കല്ലിടും

മട്ടന്നൂർ: കണ്ണൂർ വിമാന താവളത്തിൽ നിർമിക്കുന്ന ഹജ്ജ് ഹൗസ് ശിലാസ്ഥാപനം ഒൻപതിന് വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഹജ്ജ് ക്യാമ്പുകളുടെ സംസ്ഥാന തല ഉദ്ഘാടനവും നടക്കും. കണ്ണൂരിൽ ഹജ്ജ് ഹൗസ് നിർമിക്കുന്നതിന് ഇത്തവണത്തെ സംസ്ഥാന ബജറ്റിൽ അഞ്ച് കോടി രൂപ അനുവദിച്ചിരുന്നു.

വിമാനത്താവളത്തിന് സമീപം കുറ്റിക്കരയിൽ കിൻഫ്രയുടെ ഒരേക്കർ സ്ഥലത്താണ് ഹജ്ജ് ഹൗസ് നിർമിക്കുന്നത്. പദ്ധതി രേഖയും അടങ്കലും തയ്യാറായി. സംസ്ഥാനത്തെ രണ്ടാമത്തെ ഹജ്ജ് ഹൗസാണ് കണ്ണൂരിൽ നിർമിക്കുന്നത്. അടുത്ത ഹജ്ജ് തീർഥാടന സമയത്ത് ഇത് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

വിമാനത്താവളത്തിലെ അന്താരാഷ്ട്ര കാർഗോ ടെർമിനലിൽ ഇത്തവണയും ഹജ്ജ് ക്യാമ്പ് സംഘടിപ്പിക്കും. 5000- ത്തോളം തീർഥാടകരാണ് കണ്ണൂർ വഴി ഹജ്ജിന് പോകുന്നത്. മേയ് പതിനൊന്ന് മുതൽ 29 വരെയാണ് എയർഇന്ത്യ എക്സ്‌പ്രസ് ഹജ്ജ് സർവീസ് നടത്തുക. ആദ്യ വിമാനം 11-ന് പുലർച്ചെ നാലിന് പുറപ്പെടും.