ഓൺലൈൻ തട്ടിപ്പ്; നാലുപേർക്ക് പണം നഷ്ടമായി

കണ്ണൂർ: ഓൺലൈൻ തട്ടിപ്പ് കേസുകളിലായി ജില്ലയിൽ നാല് പേർക്ക് 1,03,691 രൂപ നഷ്ടമായി. ടെലഗ്രാം വഴി ട്രേഡിങ് ചെയ്യുന്നതിനായി പണം നിക്ഷേപിച്ച എടക്കാട് സ്വദേശിക്ക് 89,200 രൂപ നഷ്ടമായി. തട്ടിപ്പ് സംഘത്തിന്റെ നിർദേശ പ്രകാരം വിവിധ അക്കൗണ്ടുകളിലേക്ക് പണം നൽകിയ ശേഷം നിക്ഷേപിച്ച പണമോ വാഗ്ദാനം ചെയ്ത ലാഭമോ നൽകാതെ വഞ്ചിച്ചു എന്നാണ് കേസ്. ഇൻസ്റ്റഗ്രാമിൽ പരസ്യം കണ്ട് മൊബൈൽ ഫോൺ വാങ്ങുന്നതിനായി വാട്സാപ്പ് വഴി ബന്ധപ്പെട്ട ചൊക്ലി സ്വദേശിയുടെ അക്കൗണ്ടിൽ നിന്നും 6,500 രൂപ നഷ്ടമായി.

ഓർഡർ ചെയ്ക സാധനം കാൻസൽ ചെയ്തതായി മൊബൈൽ ഫോണിൽ സന്ദേശം വന്നതിനെ തുടർന്ന് അടച്ച തുക തിരികെ ആവശ്യപ്പെട്ട ന്യൂമാഹി സ്വദേശിനിക്ക് 4,092 രൂപ നഷ്ടപ്പെട്ടു. വാട്സാപ്പ് വഴി റീഫണ്ട് അയച്ച് തരാമെന്ന് പറഞ്ഞാണ് തട്ടിപ്പ് സംഘം പണം കവർന്നത്. വാട്സാപ്പ് ചാറ്റിലൂടെ പ്രൊജക്ടർ വാങ്ങുന്നതിന് ഓർഡർ ചെയ്ത ചക്കരക്കൽ സ്വദേശി യുവതിയുടെ 3,899 രൂപ തട്ടിയെടുത്തു.