പണയം വെക്കാൻ കൊണ്ടുവന്നത് മുക്കുപണ്ടം: ബാങ്ക് ജീവനക്കാരന്‍ പിടിയിൽ

പേരാവൂർ: കാനറ ബാങ്ക് പേരാവൂർ ശാഖയിൽ മുക്കുപണ്ടം പണയംവെക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ സഹകരണ ബാങ്ക് ജീവനക്കാരനെതിരെപോലീസ് കേസെടുത്തു. മുഴക്കുന്ന് സഹകരണ ബാങ്ക് സായാഹ്ന ശാഖ ജീവനക്കാരൻ വിളക്കോട് വേണ്ടേക്കുംചാൽ വീട്ടിൽ വി.സി.സുരേഷിനെതിരെയാണ് പേരാവൂർ പോലീസ് കേസെടുത്തത്.

ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം. കനറാ ബാങ്ക് പേരാവൂർ ശാഖയിൽ ഒൻപത് പവൻ (72 ഗ്രാം) മുക്കുപണ്ടം പണയപ്പെടുത്താനെത്തിയ സുരേഷിനെ ബാങ്ക് മാനേജരുടെ പരാതിയിൽ പേരാവൂർ പോലീസെത്തി പിടികൂടുകയായിരുന്നു.

ഒരു വള, രണ്ട് ബ്രേസ് ലെറ്റ്, ഒരു പാദസരം എന്നിവയാണ് സുരേഷ് പണയംവെക്കാൻ ശ്രമിച്ചത്. ബാങ്കിലെ അപ്രൈസർ പരിശോധിച്ചപ്പോഴാണ് മുക്കു പണ്ടമാണെന്ന് തിരിച്ചറിഞ്ഞത്. പേരാവൂർ എസ്.ഐ. കെ.ജെ. ജോർജ് കേസെടുത്ത് വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്.