മുഖച്ഛായ മാറാനൊരുങ്ങി കണ്ണൂർ റെയിൽവേ സ്റ്റേഷൻ
കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ അമൃത് ഭാരത് പദ്ധതിയിലുൾപ്പെടുത്തി നടപ്പാക്കുന്ന നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം തിങ്കളാഴ്ച നടക്കും.
രാജ്യത്തെ 550 റെയിൽവേ സ്റ്റേഷനുകളിലെയും കേരളത്തിലെ 35 സ്റ്റേഷനുകളിലെയും പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോൺഫറൻസിലൂടെ തിങ്കളാഴ്ച ഉച്ചയ്ക്ക് 12-ന് നിർവഹിക്കും.
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ രാവിലെ 10.30-ന് ഉദ്ഘാടനത്തിന്റെ ഭാഗമായി നടക്കുന്ന ചടങ്ങിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പങ്കെടുക്കും. തിരഞ്ഞെടുക്കപ്പെട്ട കുട്ടികളുെട കലാപരിപാടികളും ഉണ്ടാകും.
മേൽപ്പാലം മുതൽ ആയിരം വാഹനങ്ങൾക്കുള്ള പാർക്കിങ് സ്ഥലം വരെ
:കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ 31.34 കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങളാണ് നടക്കുന്നത്.
സ്റ്റേഷന്റെ പടിഞ്ഞാറ് ഭാഗത്ത് റിസർവേഷൻ കൗണ്ടറിനടുത്തുനിന്ന് ബുക്കിങ് ഓഫീസിന് സമീപം വരെ നീളുന്ന ആറ് അടി വീതിയുള്ള പുതിയ മേൽപ്പാലം, എസ്കലേറ്റർ, ലിഫ്റ്റ്, പ്രത്യേക പരിഗണന അർഹിക്കുന്നവർക്കായി വാഹനം, ശൗചാലയം, ടിക്കറ്റ് എടുക്കൽ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ, മുഴുവൻ പ്ലാറ്റ്‌ഫോമും മേൽക്കൂര ഇടൽ തുടങ്ങിയ പ്രവൃത്തികളാണ് നടക്കുന്നത്.
100 മുതൽ 200 വരെ വാഹനങ്ങൾ മാത്രം പാർക്ക് ചെയ്യാൻ സാധിക്കുന്ന പാർക്കിങ് ഏരിയയ്ക്ക് പകരം ആയിരം വാഹനങ്ങൾ പാർക്ക് ചെയ്യാവുന്ന പുതിയ പാർക്കിങ് ഏരിയയും പദ്ധതിയുടെ ഭാഗമായി നിർമിക്കുമെന്ന് സ്റ്റേഷൻ മാനേജർ സജിത്ത്‌കുമാർ പറഞ്ഞു. റെയിൽവേ സ്റ്റേഷന്റെ പ്രധാന കവാടവും നവീകരിക്കും.
മാഹി, തലശ്ശേരി, പയ്യന്നൂർ റെയിൽവേ സ്റ്റേഷനുകളിൽ വിവിധ പ്രവൃത്തികളുടെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.