കണ്ണൂര്‍ ദസറയ്ക്ക് ഇന്ന് സമാപനം.

കണ്ണൂർ: കോർപറേഷന്‍റെ നേതൃത്വത്തില്‍ നവരാത്രിയോടനുബന്ധിച്ച്‌ നടത്തി വരുന്ന കണ്ണൂർ ദസറ ഇന്ന് സമാപിക്കും. ടൗണ്‍ സ്ക്വയറില്‍ സമാപന സമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും.
മേയർ മുസ്‌ലിഹ് മഠത്തില്‍ അധ്യക്ഷത വഹിക്കും. കെ.വി. സുമേഷ് എംഎല്‍എ, എഴുത്തുകാരൻ സി.വി. ബാലകൃഷ്ണൻ, കെ.എൻ.എ. ഖാദർ എന്നിവർ മുഖ്യാതിഥികളാകും.

ഇന്നലെ സമീർ ബിൻസിയും ഇമാം മജ്ബൂറും സൂഫി സംഗീതം അവതരിപ്പിച്ചു. തളാപ്പ് ഗവ.മിക്സഡ് യുപി സ്കൂള്‍ വിദ്യാർഥികളുടെ ഫ്യൂഷൻ ഡാൻസ്, ആവണി രാഗേഷ്, ദേവഗംഗ, ധ്വനിരാജ്, ദ്യുതി രാജ് എന്നിവരുടെ ഭരതനാട്യം, സിനിആൻഡ് ടീം മാതൃവേദി കീഴ്പള്ളിയുടെ മാർഗംകളി എന്നിവയും അരങ്ങേറി.

ഇന്ന് താളം കണ്ണൂരിന്‍റെ തിരുവാതിര, കലൈമാമണി പ്രിയ രഞ്ജിത്ത് അവതരിപ്പിക്കുന്ന നൃത്ത സന്ധ്യ, ഇ.പി. ശിവാനിയുടെ കുച്ചിപ്പുടി, സിനിമ പിന്നണിഗായകൻ മധു ബാലകൃഷ്ണൻ നയിക്കുന്ന ഗാനമേള എന്നിവ നടക്കും.