ഒരു വിവിഐപിയുടെ മകളെയാണ് കാണാതായിരുന്നതെങ്കിൽ പൊലീസ് ഇങ്ങനെ പ്രവ‍ർത്തിക്കുമോ? രൂക്ഷവിമ‍‌ർശനവുമായി ഹൈക്കോടതി

കൊച്ചി: കാസർകോട് കാണാതായ പതിനഞ്ചുകാരിയെ ആഴ്ചകൾക്കുശേഷം മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. സംഭവത്തിൽ പൊലീസിനോട് ഹൈക്കോടതി വിശദീകരണം തേടി. പെൺകുട്ടിയുടെ മാതാവ് നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയാണ് ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. പെൺകുട്ടിയേയും അയൽവാസിയേയും മരിച്ച നിലയിൽ ഇന്നലെ കണ്ടെത്തിയിരുന്നു. 

കാണാതായി ആഴ്ചകൾ കഴിഞ്ഞിട്ടും പൊലീസ് എന്താണ് അന്വേഷിച്ചതെന്ന് കോടതി ചോദിച്ചു. ഒരു വിവിഐപിയുടെ മകളെയാണ് കാണാതായിരുന്നതെങ്കിൽ പൊലീസ് ഇങ്ങനെയാകുമോ പ്രവർത്തിക്കുകയെന്നും ഹൈക്കോടതി ചോദിച്ചു. നിയമത്തിനുമുന്നിൽ വിവിഐപിയും സാധാരണക്കാരും തുല്യരാണെന്നും കോടതി ചൂണ്ടിക്കാട്ടി. കേസ് ഡയറിയുമായി നാളെ കോടതിയിൽ ഹാജരാകാൻ അന്വേഷണ ഉദ്യോഗസ്ഥനോട് ഹൈക്കോടതി നിർദേശിച്ചു. പരാതി നൽകിയിട്ടും പെണ്‍കുട്ടിയെ കണ്ടെത്താനുള്ള അന്വേഷണം വൈകിയെന്ന ആരോപണം ഉയര്‍ന്നിരുന്നു.