ആദിവാസി മൂപ്പനെ വന പാലകര്‍ മര്‍ദ്ദിച്ചെന്ന ആരോപണത്തിൽ ഇടപെട്ട് വനംമന്ത്രി

തൃശ്ശൂര്‍ മലക്കപ്പാറ വീരന്‍കുടി ഊരിലെ ആദിവാസി മൂപ്പനെ വന പാലകര്‍ മര്‍ദ്ദിച്ചെന്ന ആരോപണത്തിൽ ഇടപെട്ട് വനംമന്ത്രി. ആരോപണത്തില്‍ അന്വേഷണം നടത്തി അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിർദ്ദേശം. വനം വകുപ്പ് വിജിലന്‍സ് & ഫോറസ്റ്റ് ഇന്റലിജന്‍സ് അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്കാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.

ഇന്ന് തന്നെ റിപ്പോര്‍ട്ട് സമർപ്പിക്കാനാണ് മന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ പരിശോധിച്ച് ഉചിതമായ തുടര്‍ നടപടികള്‍ സ്വീകരിക്കും. ആദിവാസികള്‍ക്കെതിരെ നടപടികൾ ആരംഭിച്ചിട്ടുണ്ടെങ്കില്‍ നിര്‍ത്തി വയ്ക്കാനും മന്ത്രി നിർദ്ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് സംഭവം. വീരന്‍ കുടി കോളനിയില്‍ നിന്നും മലക്കപ്പാറയിലേക്ക് കുടിയേറിയ ഊര് മൂപ്പന്‍ വീരനാണ് മര്‍ദനമേറ്റത്.