തീരദേശ പോലീസിന് തോക്കും ഗ്രനേഡുകളും ഉപയോഗിക്കാൻ നിർബന്ധിത പരിശീലനം

സംസ്ഥാനത്തെ തീരദേശ പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് തോക്കും ഗ്രനേഡും ഉപയോഗിച്ചുള്ള നിർബന്ധിത പരിശീലനം നൽകുന്നു. പൂവാർ മുതൽ കാസർകോട് വരെയുള്ള 18 തീരദേശ പോലീസ് സ്‌റ്റേഷനിലെ സി.പി.ഒ. മുതൽ എസ്.എച്ച്.ഒ. വരെയുള്ള 580 ഉദ്യോഗസ്ഥർക്കാണ് ജൂൺ രണ്ടാം വാരത്തോടെ പരിശീലനം നൽകുക.

നിലവിൽ തീരത്തുനിന്ന് 12 നോട്ടിക്കൽ മൈൽ വരെയാണ് തീരദേശ പോലീസിന്റെ നിയന്ത്രണമേഖല. കടലിൽ വച്ച് മത്സ്യത്തൊഴിലാളികൾ തമ്മിലുണ്ടാകുന്ന അക്രമങ്ങൾ നിയന്ത്രിക്കുക, കടലിലെ രക്ഷാപ്രവർത്തനം, നിയമം ലംഘിച്ച് മീൻപിടിത്തം നടത്തുന്ന ബോട്ടുകളെ പിടികൂടുക എന്നിവയാണ് നിലവിൽ തീരദേശ പോലീസ് ചെയ്യുന്നത്.

എന്നാൽ ഇതിനുപുറമേ തീരദേശ മേഖലയുൾപ്പെട്ട സ്ഥലങ്ങളിൽ നിയന്ത്രണാതീതമായ അക്രമസംഭവങ്ങളുണ്ടായാൽ അവ നേരിടുന്നതിന് ലോക്കൽ പോലീസിനൊപ്പം കോസ്റ്റൽ പോലീസിന്റെയും സേവനം ആവശ്യമാണ്.ഇത്തരം സാഹചര്യങ്ങളിൽ ലോക്കൽ പോലീസിനൊപ്പം തോക്കുകളും ഗ്രനേഡുകളും ഉപയോഗിക്കേണ്ടിവരും. കാലങ്ങളായി തീരദേശ പോലീസിൽ ജോലിചെയ്യുന്നവർക്ക് ഇവ ഉപയോഗിക്കുന്നതിൽ പരിചയക്കുറവുണ്ടാകും.

തുടർന്നാണ് സംസ്ഥാനത്തെ തീരദേശ പോലീസിൽ ജോലിചെയ്യുന്ന വനിതകൾ അടക്കമുള്ള ഉയർന്ന ഉദ്യോഗസ്ഥർക്ക് തോക്കും ഗ്രനേഡുകളും ഉപയോഗിച്ചുള്ള നിർബന്ധിത പരിശീലനം നൽകുന്നതെന്ന് കോസ്റ്റൽ പോലീസ് അസിസ്റ്റൻറ്‌ ഇൻസ്‌പെക്ടർ ജനറൽ ജി.പൂങ്കുഴലി പറഞ്ഞു.

മീൻപിടിത്ത ബോട്ടുകൾ, തങ്ങൽ വള്ളങ്ങൾ എന്നിവയുപയോഗിച്ച് സംസ്ഥാനത്തെ കടൽ അതിർത്തി വഴിയും രാജ്യാന്തര അതിർത്തികളിൽനിന്ന് തിരികെയും ലഹരിക്കടത്ത് നടത്തുന്നുണ്ടെന്ന് കേന്ദ്ര ഇന്റലിജൻസ് ഏജൻസികൾ കോസ്റ്റൽ മേധാവിക്ക് വിവരം കൈമാറിയിട്ടുണ്ട്.
മറ്റ് സൈനിക ഏജൻസികൾക്കൊപ്പം ലഹരിക്കടത്തിനെതിരേ കോസ്റ്റൽ പോലീസും പങ്കാളിയാകണം.വിദൂരത്തിലൂടെ കടന്നുപോകുന്ന ഇത്തരത്തിലുള്ള ബോട്ടുകളെയും മറ്റ് യാനങ്ങളെയും ബൈനോക്കുലർ ഉപയോഗിച്ച് കർശനമായി നിരീക്ഷിക്കാനും കോസ്റ്റൽ മേധാവി എല്ലാ പോലീസ് സ്‌റ്റേഷനുകളിലും നിർദേശം നൽകിയിട്ടുണ്ട്.സ്‌റ്റേഷൻ പരിധിയിലെ നിശ്ചിത പോയിന്റുകളിലാവും നിരീക്ഷണം നടത്തുക. പട്രോളിങ് ബോട്ടുപയോഗിച്ചും നിരീക്ഷിച്ച് റിപ്പോർട്ട് നൽകണമെന്നുമാണ് നിർദേശം.