ഓട്ടിസം ബാധിതനായ വിദ്യാർത്ഥിയെ സർക്കാർ സ്കൂളിൽ നിന്ന് നിർബന്ധിച്ച് പുറത്താക്കിയെന്ന ആരോപണം,മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു
ഓട്ടിസം ബാധിതനായ വിദ്യാർത്ഥിയെ സർക്കാർ സ്കൂളിൽ നിന്ന് നിർബന്ധിച്ച് പുറത്താക്കിയെന്ന ആരോപണം ഉയർന്ന സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടർ രണ്ടാഴ്ചയ്ക്കകം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർ പേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂ നാഥ് ഉത്തരവിൽ ആവശ്യപ്പെട്ടു.
തൈക്കാട് ഗവ. മോഡൽ സ്കൂളിലെ പ്രധാന അധ്യാപകനെതിരായാണ് ആരോപണം. സ്കൂളിൽ നടന്ന ഒരു പൊതു പരിപാടിക്കിടയിൽ കുട്ടി ശബ്ദമുണ്ടാക്കിയെന്ന് പറഞ്ഞ് കുട്ടിയെ സ്കൂളിൽ നിന്ന് പുറത്താക്കുകയായിരുന്നു എന്നും സ്കൂളിൽ നിന്ന് ടി.സി. വാങ്ങാൻ പ്രിൻസിപ്പൽ, കുട്ടിയുടെ അമ്മക്ക് നിർദ്ദേശം നൽകിയെന്നുമാണ് ആരോപണം. അമ്മ ഇതിന് മൂന്ന് മാസത്തെ സാവകാശം ചോദിച്ചെങ്കിലും പ്രിൻസിപ്പൽ ഒരാഴ്ച മാത്രമാണ് സമയം നൽകിയതെന്നും കുട്ടി ഈ സ്കൂളിൽ തുടർന്നാൽ മറ്റ് കുട്ടികൾ സ്കൂളിൽ വരില്ലെന്ന് പ്രിൻസിപ്പൽ പറഞ്ഞതായും ആരോപണമുണ്ടെന്ന് മനുഷ്യാവകാശ കമ്മീഷൻ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.