കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് ഇന്ന് തുടക്കം

കൊട്ടിയൂർ : കൊട്ടിയൂരിൽ 28 നാൾ നീളുന്ന വൈശാഖ മഹോത്സവത്തിന് ചൊവ്വാഴ്ച നെയ്യാട്ടത്തോടെ തുടക്കം. സ്വയംഭൂവിൽ അഭിഷേകം നടത്തു ന്നതിന് നെയ്യമൃത് കുംഭങ്ങളുമായി വിവിധ മഠങ്ങളിൽനിന്നുള്ള വ്രതക്കാർ കൊട്ടിയൂരിലേക്ക് എത്തിത്തുടങ്ങി. ചൊവ്വാഴ്ച വൈകിട്ടോടെ വയനാട് മുതിരേരി ക്ഷേത്രത്തിൽ നിന്നുള്ള വാൾ എഴുന്നള്ളിച്ച് കൊട്ടിയൂർ ഇക്കര ക്ഷേത്രത്തിലെത്തിക്കും. തുടർന്ന് രാത്രിയിൽ അക്കരെ ക്ഷേത്രത്തിലെ മണിത്തറയിലെ ചോതിവിളക്കുകളിൽ തിരിതെളിയുന്നതോടെ നെയ്യാട്ട ചടങ്ങ് ആരംഭിക്കും. ചടങ്ങുകൾക്ക് ഉഷ കാമ്പ്രം നമ്പൂതിരി കാർമികത്വം വഹിക്കും. നെയ്യാട്ടത്തോടെ അക്കരെ ക്ഷേത്രത്തിലേക്ക് ഭക്തർക്ക് പ്രവേശനം ലഭിക്കും. ബുധനാഴ്ച മണത്തണ കരിമ്പന ഗോപുരത്തിൽനിന്നും കൊട്ടിയൂരിലേക്ക് നട ക്കുന്ന ഭണ്ഡാരമെഴുന്നെള്ളത്ത് ഘോഷയാത്ര അക്കരെ ക്ഷേത്ര ത്തിലെത്തിയ ശേഷമേ സ്ത്രീകൾക്ക് അവിടെ പ്രവേശിക്കാനാകൂ. ഉത്സവം ജൂൺ 17ന് സമാപിക്കും.