അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിലുള്ള ഒരു കുട്ടിയുടെ നില തൃപ്തികരം, ഒരാൾക്ക് രോഗമില്ലെന്ന് സ്ഥിരീകരിച്ചു

കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചെന്നു സംശയിച്ചു ചികിത്സയിൽ കഴിയുന്ന ‍കുട്ടിയുടെ നില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ. പരിശോധനാ ഫലം ഇതുവരെ വന്നിട്ടില്ല. ബേബി മെമ്മോറിയലിൽ ചികിത്സയിലുള്ള കുട്ടിയുടെ പരിശോധനാ ഫലം വെള്ളിയാഴ്ച വരുമെന്നാണു പ്രതീക്ഷിക്കുന്നതെന്ന് കൺസൾട്ടന്റ് പീഡിയാട്രിക് ഇന്റൻസിവിസ്റ്റ് ഡോക്ടർ അബ്ദുൾ റൗഫ് പറഞ്ഞു. അതേസമയം, രോഗം സംശയിച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടിക്ക് അമീബിക് മസ്തിഷ്ക ജ്വരമല്ലെന്ന് ഉറപ്പായെന്നും അബ്ദുൽ റൗഫ് പറഞ്ഞു.

അത്യപൂർവമായ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മൂന്നു കുട്ടികളാണ് കോഴിക്കോട്ടെ ആശുപത്രികളിൽ ഒന്നരമാസത്തിനിടെ മരിച്ചത്. ഫറോക്ക് സ്വദേശിയായ മൃദുൽ (12) ബുധനാഴ്ച രാത്രിയാണ് മരിച്ചത്. കണ്ണൂർ സ്വദേശിനിയായ വി.ദക്ഷിണ (13 ), മലപ്പുറം മുന്നിയൂർ സ്വദേശി ഫദ്‌വ (5) എന്നിവരാണ് മുൻപ് മരിച്ചത്.

കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കാണപ്പെടുന്ന ‘ബ്രെയിന്‍ ഈറ്റര്‍’ എന്ന പേരില്‍ അറിയപ്പെടുന്ന അമീബ മൂക്കിലെ നേര്‍ത്ത തൊലിയിലൂടെയാണ് പ്രധാനമായും ശരീരത്തില്‍ പ്രവേശിക്കുന്നത്. തലച്ചോറിനെയാണ് അമീബ ബാധിക്കുന്നത്. പതിനായിരത്തിൽ ഒരാൾക്ക് പിടിപെടുന്ന അത്യപൂർവ രോഗമാണിത്. എന്നാൽ ഒന്നര മാസത്തിനിടെ കോഴിക്കോട് മൂന്ന് കുട്ടികൾ മരിച്ചത് ആശങ്കയേറ്റുകയാണ്. അമീബ ബാധിച്ചാൽ മരുന്നുകളോട് പ്രതികരിക്കില്ല എന്നതാണ് നേരിടുന്ന പ്രധാന വെല്ലുവിളി.