കെ.എസ്.ചിത്രയ്ക്ക് ഇന്ന് അറുപതാം പിറന്നാൾ.

കെ.എസ്.ചിത്രയ്ക്ക് ഇന്ന് അറുപതാം പിറന്നാൾ. മലയാളത്തിന്റെ വാനമ്പാടി എന്ന വിശേഷണത്തിനപ്പുറമാണ് ചിത്ര.

കരമന കൃഷ്ണൻ നായരുടെയും ശാന്തകുമാരിയുടെയും മകളായി 1963 ജൂലൈ 27ന് തിരുവനന്തപുരത്തെ കരമനയിലാണു കെ.എസ്.ചിത്ര ജനിച്ചത്. അച്ഛനായിരുന്നു ആദ്യ ഗുരു. കെ. ഓമനക്കുട്ടി ടീച്ചറുടെ കീഴിൽ കർണാടിക് സംഗീതം പഠിച്ച ചിത്രയെ സിനിമാ സംഗീതത്തിലേക്കു കൈപിടിച്ച് നടത്തിയത് എം.ജി.രാധാകൃഷ്ണനാണ്. 1985ൽ പിന്നണി ഗായികയ്ക്കുള്ള ആദ്യ സംസ്ഥാന പുരസ്കാരം. പിന്നെ ആ നേട്ടം തുടർച്ചയായി പത്തുവർഷം. ഇതുവരെ 16 തവണ സംസ്ഥാന പുരസ്കാരം. ആറു തവണ ദേശീയ പുരസ്കാരം. 2005ൽ പത്മശ്രീയും 2021 ൽ പത്മഭൂഷണും നൽകി രാജ്യം ആദരിച്ചു.

ചാര്‍ത്തിയ, വൈശാലിയിലെ ഇന്ദുപുഷ്പം, നന്ദനത്തിലെ കാര്‍മുകില്‍ വര്‍ണന്‍റെ, നോട്ടത്തിലെ മയങ്ങിപ്പോയി തുടങ്ങി ചിത്രയ്ക്ക് സംസ്ഥാന പുരസ്കാരം നേടിക്കൊടുത്ത പാട്ടുകളെല്ലാം ഒറ്റവാക്കില്‍ ഓർമയിലെത്തും വിധം മലയാളികള്‍ക്ക് പരിചിതമാണ്.

1988 ലാണ് തമിഴ്നാടിന്‍റെ മികച്ച ഗായികക്കുളള പുരസ്കാരം ആദ്യമായി ചിത്രക്ക് ലഭിക്കുന്നത്. അഗ്നി നച്ചത്തിരം എന്ന ചിത്രത്തിലെ നിന്നുകൂരി വര്‍ണം എന്ന ഗാനത്തിനായിരുന്നു അത്. 1990 ല്‍ കിഴക്കുവാസലിലെ വന്തതേയ് കുങ്കുമം, 1995 ല്‍ ബോംബെയിലെ കണ്ണാളനേ, 2004 ല്‍ ഓട്ടോഗ്രാഫിലെ ഒവ്വൊരു പൂക്കളുമേ എന്ന ഗാനങ്ങള്‍ക്കും തമിഴ്നാട് പുരസ്കാരം ചിത്രയ്ക്ക് ലഭിച്ചു.

11 തവണയാണ് ആന്ധ്രപ്രദേശ് സര്‍ക്കാരിന്‍റെ മികച്ച ഗായികക്കുളള നന്ദി പുരസ്കാരം ചിത്രയ്ക്ക് ലഭിച്ചത്. കര്‍ണാടക, ഒഡീഷ, പശ്ചിമബംഗാള്‍ സര്‍ക്കാരുകളുടെയും മികച്ച ഗായികക്കുളള പുരസ്കാരവും ചിത്രക്ക് ലഭിച്ചിട്ടുണ്ട്.