വൈദ്യുതി പ്രതിസന്ധി മറികടക്കാൻ സർക്കാർ നീക്കം; റദ്ദാക്കിയ കെഎസ്ഇബി കരാർ പുനഃസ്ഥാപിക്കും
തിരുവനന്തപുരം: റദ്ദാക്കിയ 465 മെഗാവാട്ടിന്‍റെ ദീർഘകാല വൈദ്യുതി കരാർ പുനഃസ്ഥാപിക്കാൻ റഗുലേറ്ററി കമ്മീഷന് നിർദ്ദേശം നൽകാൻ സർക്കാർ തീരുമാനം. നടപടിക്രമങ്ങളിലെ വീഴ്ച ഉന്നയിച്ച് റഗുലേറ്ററി കമ്മീഷൻ റദ്ദാക്കിയ കരാറാണ് വൈദ്യുതി നിയമത്തിലെ പ്രത്യേക അധികാരം ഉപയോഗിച്ച് സർക്കാർ പുനഃസ്ഥാപിക്കുന്നത്. രൂക്ഷമായ വൈദ്യുതി പ്രതിസന്ധി കണക്കിലെടുത്താണ് തീരുമാനം.
കെഎസ്ഇബിക്ക് ഇരുട്ടടിയായി ഇക്കഴിഞ്ഞ മെയ്യിലായിരുന്നു വൈദ്യുതി റഗുലേറ്ററി കമ്മീഷൻ ദീർഘ കാല കരാർ റദ്ദാക്കിയത്. സാങ്കേതിക പ്രശ്നങ്ങളും നടപടി ക്രമങ്ങളിലെ വീഴ്ചയും ഉന്നയിച്ചാണ് ആര്യാടൻ്റെ കാലത്തെ ഒപ്പിട്ട 465 മെഗാ വാട്ടിൻ്റെ കരാർ റദ്ദാക്കിയത്. പക്ഷെ ഒറ്റയടിക്ക് 465 മെഗാ വാട്ട് ഇല്ലാതായതും മഴ കുറഞ്ഞതും വഴി ബോർഡ് കടുത്ത പ്രതിസന്ധിയിലായി. മുഖ്യമന്ത്രി വരെ കമ്മീഷൻ്റെ നടപടിയെ വിമർശിച്ചിരുന്നു. ഒടുവിൽ കെഎസ്ഇബി ആവശ്യം അംഗീകരിച്ചാണ് സർക്കാർ ഇടപെടൽ. നയപരമായ കാര്യങ്ങളിൽ സർക്കാറിന് ഇടപെടാൻ അധികാരം നൽകുന്ന വൈദ്യുതി നിയമത്തിലെ 108 ആം വകുപ്പ് പ്രകാരമാണ് നടപടി.
സർക്കാർ നിർദ്ദേശം പാലിച്ച കമ്മീഷൻ ഇനി കരാർ പുനസ്ഥാപിക്കാനുള്ള നടപടിയിലേക്ക് നീങ്ങും. കരാർ റദ്ദാക്കിയ നടപടിക്കെതിരെ അപ്പലേറ്റ് ട്രിബ്യൂണലിൽ കെഎസ്ഇബി നൽകിയ കേസിൽ സർക്കാറും കക്ഷിചേരും. ബോർഡിന് അടിയന്തിര സ്റ്റേ അനുവദിച്ചിരുന്നില്ല. കരാർ പുനഃസ്ഥാപിക്കുന്നത് വഴി യൂണിറ്റിന് മൂന്നര രൂപ മുതൽ 4.29 രൂപ വരെയുള്ള കുറഞ്ഞ നിരക്ക് ഇനി 18 വർഷം കൂടി മൂന്ന് കമ്പനികളിൽ നിന്നും ബോർഡിന് വൈദ്യുതി കിട്ടും. സമീപകാലത്ത് തുറന്ന ഹ്വസ്വകാല ടെണ്ടറിലെല്ലാം കമ്പനികൾ മുന്നോട്ട് വെച്ചത് വൻതുകയായിരുന്നു. നിലവിൽ കൂടിയ വിലക്ക് പുറത്തുനിന്നും വൈദ്യുതി വാങ്ങിയാണ് കെഎസ്ഇബി ക്ഷാമം മറികടക്കുന്നത്.