സംസ്ഥാനത്തെ വൈദ്യുതി തൂണുകളിലെ അനധികൃത കേബിളുകള്‍ നീക്കാൻ നിര്‍ദേശം
സംസ്ഥാനത്തെ വൈദ്യുതി തൂണുകളിലെ അനധികൃത കേബിളുകള്‍ അടിയന്തരമായി നീക്കാൻ കെ.എസ്.ഇ.ബി വിതരണ മേഖല ഉന്നതതല യോഗം തീരുമാനിച്ചു. ജനുവരി അവസാനിക്കുന്നതിന് മുമ്പ് അനധികൃത കേബിളുകളുടെ കണക്കെടുത്ത് ഫെബ്രുവരി ഒന്ന് മുതല്‍ ഇവ നീക്കുന്ന പ്രവൃത്തി ആരംഭിക്കാനാണ് നിര്‍ദേശം.
വൻകിട കമ്പനികളുടെ അടക്കം കേബിളുകളാണ് സംസ്ഥാനത്ത് ഉടനീളം വലിച്ചിട്ടുള്ളത്. പലയിടങ്ങളിലും കേബിളുകള്‍ തൂങ്ങിക്കിടന്ന് അപകടം പതിവാണ്. രണ്ട് വര്‍ഷം മുമ്പ് തൂങ്ങിക്കിടന്ന കേബിളില്‍ വാഹനം കുടുങ്ങി മരണം സംഭവിച്ചതോടെ അനധികൃത കേബിളുകള്‍ നീക്കാൻ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും നടപ്പായിരുന്നില്ല. ജീവനക്കാരുടെ അപര്യാപ്തതയായിരുന്നു അതിന് കാരണം. അതിനാല്‍ ഈ പ്രവൃത്തിക്ക് മുഴുസമയ ശ്രദ്ധ നല്‍കി പുറം പണിക്കാരെ ഉള്‍പ്പെടെ ഉപയോഗിച്ച് നടപടി പൂര്‍ത്തീകരിക്കാനാണ് നിര്‍ദേശം. ഇതിനായി ആക്ഷൻ പ്ലാൻ തയാറാക്കണം. ഇലക്‌ട്രിക്കല്‍ ഡിവിഷൻ തലത്തില്‍ സബ് എൻജിനീയറും ഓവര്‍സിയറും അടങ്ങുന്ന പ്രത്യേക സ്ക്വാഡുകളാക്കി പ്രവൃത്തി തുടങ്ങാനും വിതരണ വിഭാഗം ചീഫ് എൻജിനീയര്‍മാര്‍ പങ്കെടുത്ത യോഗത്തില്‍ തീരുമാനമായി.
ഡെപ്യൂട്ടി ചീഫ് എൻജിനീയര്‍മാര്‍ പുരോഗതി വിലയിരുത്തണം. അതിന് മുമ്ബ് എല്ലാ കേബ്ള്‍ ടി.വി ഓപറേറ്റര്‍മാര്‍ക്കും നിര്‍ദേശം നല്‍കണം. ജില്ല കലക്ടര്‍മാര്‍ക്കും പൊലീസ് സൂപ്രണ്ടിനും വിവരം കൈമാറിയിട്ട് വേണം പ്രവൃത്തി തുടങ്ങാനെന്നും വിതരണ വിഭാഗം ഡയറക്ടര്‍ നിര്‍ദേശിച്ചു.