സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം 11 കോടി യൂണിറ്റ് പിന്നിട്ട് വീണ്ടും സർവകാല റെക്കോഡിൽ
സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം 11 കോടി യൂണിറ്റ് പിന്നിട്ട് വീണ്ടും സർവകാല റെക്കോഡിൽ. തിങ്കളാഴ്ച 11.01 കോടി യൂണിറ്റ് വൈദ്യുതിയാണ് വേണ്ടി വന്നത്. വൈകിട്ട് വൈദ്യുതി ആവശ്യകത 5487 മെഗാ വാട്ടായി. ഇതും പുതിയ റെക്കോഡാണ്.
താത്കാലികമായി 500 മെഗാവാട്ട് കൂടുതൽ വാങ്ങി പ്രതിസന്ധി പരിഹരിക്കാനാണ് ശ്രമം. ഇതിനായി വിളിച്ച ടെൻഡറിൽ 11 കമ്പനികൾ പങ്കെടുത്തു. ടെൻഡർ 12-ന് തുറക്കും. ഈമാസം 15 മുതൽ മേയ് 31 വരേക്കാണ് വൈദ്യുതി അധികം വാങ്ങുന്നത്.
കടുത്തവേനലും തിരഞ്ഞെടുപ്പും കാരണം കമ്പനികൾ വൈദ്യുതി വില കൂട്ടാനാണ് സാധ്യത. അങ്ങനെ വന്നാൽ ബോർഡിന്റെ അധിക ചെലവ് ക്രമാതീതമായി കൂടും. ഇതെല്ലാം സർച്ചാർജായും നൽകേണ്ടി വരും.
465 മെഗാവാട്ട് വൈദ്യുതി കുറഞ്ഞ വിലക്ക് ലഭിച്ചിരുന്ന ദീർഘകാല കരാറുകൾ ചട്ട ലംഘനത്തിന്റെ പേരിൽ റദ്ദാക്കിയതാണ് കൂടിയ വിലക്ക് വൈദ്യുതി വാങ്ങേണ്ട സാഹചര്യം ഉണ്ടാക്കിയത്.