ലാഭം കൈവരിച്ച് കെഎസ്ആർടിസി
ലാഭം കൈവരിച്ച് കെഎസ്ആർടിസി. സെപ്തംബർ 1 മുതൽ 17 വരെയുള്ള കണക്ക് പ്രകാരം 7.11 കോടി രൂപയാണ് കെഎസ്ആർടിസിയുടെ പ്രവർത്തന ലാഭം. നേരത്തെ ഉണ്ടായിക്കുന്ന ലാഭം നിലനിർത്താനും, നഷ്ടം മറികടക്കാനും 17 ദിവസം കൊണ്ട് നിരവധി യൂണിറ്റുകൾക്ക് കഴിഞ്ഞു.
കെഎസ്ആർടിസിക്ക് 93 യൂണിറ്റുകളാണ് സംസ്ഥാനത്തുള്ളത്. ഇതിൽ 74 യൂണിറ്റുകളും പ്രവർത്തന ലാഭത്തിലാണ്. 21 യൂണിറ്റുകൾ നേരത്തെ തന്നെ ലാഭത്തിലായിരുന്നെങ്കിൽ, സെപ്തംബർ 1 മുതൽ 17 വരെയുള്ള ദിവസങ്ങളിൽ 20 യൂണിറ്റുകൾ നഷ്ടം കുറച്ച് ലാഭത്തിലേക്ക് എത്തി. എന്നാൽ, ലാഭത്തിലുണ്ടായിരുന്ന യൂണിറ്റുകളൊന്നും ഈ 17 ദിവസം നഷ്ടത്തിലേക്ക് കടന്നിട്ടില്ല.
സൗത്ത് സോൺ 8 ശതമാനവും, സെൻ്റർ സോൺ 4.9 ശതമാനവും, നോർത്ത് സോൺ 5.3 ശതമാനവും പ്രവർത്തന ലാഭം കൈവരിച്ചു. 6.2 ശതമാനമാണ് കെഎസ്ആർടിസി സെപ്തംബർ 17 വരെ മാത്രം നേടിയ പ്രവർത്തന ലാഭം. അതായത് 7,11,98,856 രൂപ. 17 ദിവസത്തിൽ 114,56,79,732 രൂപയാണ് കെഎസ്ആർടിസി കളക്ഷൻ നേടിയത്. ഓണം ഉൾപ്പടെയുള്ള ഉത്സവ സീസണുകളിൽ ദീർഘ ദൂര യാത്രയ്ക്ക് അടക്കം പലരും തിരഞ്ഞെടുത്തത് കെഎസ്ആർടിസിയെയാണ്.ഇതും വലിയ രീതിയിൽ കെഎസ്ആർടിസിക്ക് സഹായമായി. ജനങ്ങളെ കൂടുതൽ ആകർഷിക്കുന്നതിന് ദീർഘ ദൂര സർവ്വീസുകളും, ടൂർ പാക്കേജുകളും ഉൾപ്പെടുത്താൻ ഒരുങ്ങുകയാണ് കെഎസ്ആർടിസി. പ്രതിപക്ഷവും, പ്രതിപക്ഷ സംഘടനകളും കെ എസ് ആർടിസിയിൽ പ്രതിസന്ധി രൂക്ഷമെന്ന് നിരന്തരം ആരോപണം ഉയന്നിക്കുന്നതിനിടെയാണ് ഈ നേട്ടം കെഎസ്ആർടിസി കൈവരിച്ചിരിക്കുന്നത്