കെഎസ്ആർടിസി ബസ് പുഴയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു

കോഴിക്കോട് തിരുവമ്പാടി കാളിയം പുഴയിൽ കെഎസ്ആർടിസി ബസ് പുഴയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. നിരവധി പേർക്ക് പരിക്ക്. പുഴയിലേക്ക് ബസ് തലകീഴായി മറിയുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. ആനക്കാംപൊയിലിൽ നിന്ന് തിരുവമ്പാടിക്ക് വരികയായിരുന്ന ബസ്സാണ് കാളിയാമ്പുഴ പാലത്തിൽ നിന്ന് നിയന്ത്രണം വിട്ട് പുഴയിലേക്ക് തലകീഴായി മറിഞ്ഞത്.

ഇരുപതോളം പേർക്ക് പരുക്കുണ്ട്. ഇതിൽ മൂന്ന് പേരുടെ ആരോഗ്യനില ഗുരുതരമാണ് എന്നാണ് വിവരം. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. അപകടത്തിൻ്റെ കാരണം വ്യക്തമല്ല. വിവരം അറിഞ്ഞ് സ്ഥലത്ത് എത്തിയ നാട്ടുകാരും ഫയർഫോഴ്‌സും ചേർന്നാണ് ബസ്സിന് അകത്ത് ഉള്ളവരെ രക്ഷിച്ചത്.