പ്ലസ്ടുവില്‍ റോഡ് സുരക്ഷ പഠിച്ചാല്‍ ലേണേഴ്‌സ് ടെസ്റ്റ് ഇല്ലാതെ ഡ്രൈവിങ് ലൈസന്‍സെടുക്കാം
മോട്ടോര്‍ വാഹനവകുപ്പ് തയ്യാറാക്കിയ റോഡ് സുരക്ഷാ പുസ്തകം ഹയര്‍സെക്കന്‍ഡറി പാഠ്യപദ്ധതിയിലേക്ക്. ഈ സിലബസില്‍ പാസാകുന്നവര്‍ക്ക് ലേണേഴ്‌സ് ഡ്രൈവിങ് ലൈസന്‍സിന്, പ്രത്യേകപരീക്ഷ ആവശ്യമില്ല. നേരിട്ട് ഡ്രൈവിങ് ടെസ്റ്റിന് അപേക്ഷിക്കാം. ഹയര്‍സെക്കന്‍ഡറി പാഠ്യപദ്ധതി പരിഷ്‌കരണകമ്മിറ്റി ഇതുള്‍പ്പെടുത്തി പാഠഭാഗങ്ങള്‍ പരിഷ്‌കരിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു.
റോഡ് സുരക്ഷാവിദഗ്ധരും മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട സമിതിയാണ് വിദ്യാര്‍ഥികള്‍ക്ക് വേണ്ടി റോഡ് സുരക്ഷാ പുസ്തകം തയ്യാറാക്കിയത്. ഇതില്‍നിന്ന് ഹയര്‍സെക്കന്‍ഡറി സിലബസിന് യോജിക്കുന്ന വിധത്തില്‍ പാഠ്യഭാഗങ്ങള്‍ സ്വീകരിക്കാനാണ് തീരുമാനം.
ഏത് വിഷയത്തിനൊപ്പം ചേര്‍ത്ത് പഠിപ്പിക്കണമെന്നത് അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമായിട്ടില്ല . പാഠ്യപദ്ധതി പരിഷ്‌കരണത്തോടെ സംസ്ഥാനത്തെ ലേണേഴ്‌സ് പരീക്ഷാ സംവിധാനത്തില്‍ മാറ്റംവരുത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്ത് നല്‍കിയിട്ടുണ്ട്.