അതിദരിദ്രർക്ക് വീട് നിർമാണം പൂർത്തിയാകും വരെ വാടക വീട് സൗകര്യം ഒരുക്കും
സംസ്ഥാനത്ത് അതിദരിദ്രരുടെ പട്ടികയിൽ ഉള്ളവർക്ക് വീട് നിർമാണം പൂർത്തിയാകും വരെ വാടക വീടുകളിൽ താമസ സൗകര്യം ഒരുക്കാൻ സംസ്ഥാന സർക്കാർ.
ലൈഫ് ഭവന പദ്ധതിയിൽപ്പെട്ട, സ്വന്തമായി വീട് ഇല്ലാത്തവർക്ക് കെട്ടിടങ്ങളോ വീടുകളോ വാടകക്ക് എടുത്ത് നൽകാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് സർക്കാർ അനുമതി നൽകി.
15,000 കുടുംബങ്ങൾക്ക് ഇതിൻ്റെ പ്രയോജനം ലഭിക്കും. പഞ്ചായത്ത് പരിധിയിൽ 5,000 രൂപ, നഗരസഭ പരിധിയിൽ 7000 രൂപ, കോർപറേഷൻ പരിധിയിൽ 8000 രൂപ പരമാവധി വാടക നൽകും.
രണ്ട് വർഷത്തേക്ക് വീടുകൾ വാടകക്ക് എടുത്ത് നൽകാനാണ് തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിട്ടുള്ളത്. സംസ്ഥാനത്ത് 64,006 കുടുംബങ്ങളാണ് അതി ദരിദ്രരായുള്ളത്. ഇതിൽ 16,160 പേർക്കാണ് വീട് ആവശ്യമുള്ളത്. ഭൂമിയും വീടും ഇല്ലാത്തവരും ഭൂമിയുള്ളവരും ഇതിൽപ്പെടും.
ഇതിൽ 4200 പേർക്ക് ലൈഫിൽ വീട് വയ്‌ക്കാൻ കരാർ ആയിട്ടുണ്ട്. വാടക തുക വാർഷിക പദ്ധതിയിൽ നിന്നോ തനത് ഫണ്ടിൽ നിന്നോ സ്പോൺസർഷിപ്പ് വഴിയോ കണ്ടെത്തി വകയിരുത്താനാണ് തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി നൽകുന്നതെന്ന് മന്ത്രി എം ബി രാജേഷ് അറിയിച്ചു.