മദ്രസകള്‍ക്കുള്ള സഹായധനം നിർത്തലാക്കുന്നതിനെതിരെ കേരളത്തില്‍ ഉയർത്തുന്ന പ്രതിഷേധങ്ങളില്‍ പ്രതികരിച്ച് ദേശീയ ബാലാവകാശ കമ്മീഷൻ

ന്യൂഡല്‍ഹി: മദ്രസകള്‍ക്കുള്ള സംസ്ഥാന സഹായധനം നിർത്തലാക്കുന്നതിനെതിരെ കേരളത്തില്‍ ഉയർത്തുന്ന പ്രതിഷേധങ്ങളില്‍ പ്രതികരിച്ച് ദേശീയ ബാലാവകാശ കമ്മീഷൻ. ഏകപക്ഷീയമായ അഭിപ്രായത്തിലൂടെ വ്യാപകമായ അജൻഡ ഉണ്ടാക്കാനാവില്ല എന്ന് ചെയര്‍മാന്‍ പ്രിയാങ്ക് കാനൂങ് പറഞ്ഞു. ദേശീയ ബാലാവകാശ കമ്മീഷൻ റിപ്പോർട്ടിനെതിരെ കേരളത്തിൽ വ്യാപക പ്രതിഷേധമെന്ന വാർത്ത പങ്കുവച്ചാണ് വിമർശനം.

മദ്രസകള്‍ അടച്ചില്ലെങ്കില്‍ മറ്റു വഴികള്‍ തേടുമെന്ന് ചെയര്‍മാന്‍ പ്രിയങ്ക് കനൂന്‍ഗോ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വര്‍ഷങ്ങള്‍ നീണ്ട പഠനത്തിന് ശേഷമാണ് തീരുമാനത്തിലേക്ക് എത്തിയതെന്നും അദ്ദേഹം പറഞ്ഞു. മദ്രസയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഉടന്‍തന്നെ സ്‌കൂളുകളിലേക്ക് പോകണമെന്നും പ്രിയങ്ക് ആവശ്യപ്പെട്ടു.
മദ്രസകള്‍ ഇല്ലെന്നും ധനസഹായം നല്‍കുന്നില്ലെന്നുമുള്ള കേരള സര്‍ക്കാര്‍ വാദം കള്ളമാണെന്നും പ്രിയങ്ക് പറയുന്നു. കേരള സര്‍ക്കാരിന്റെ നയം മുസ്ലിം വിഭാഗത്തെ പ്രീതിപ്പെടുത്താനാണെന്നും രാഷ്ട്രീയ പാര്‍ട്ടികളുടെ ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മദ്രസകള്‍ക്കുള്ള ധനസഹായം നിര്‍ത്തലാക്കണമെന്ന നിര്‍ദേശത്തിനെതിരെ സമസ്തയും രംഗത്തെത്തിയിരുന്നു. കേരളത്തിലെ മദ്രസകള്‍ക്ക് സര്‍ക്കാര്‍ ഫണ്ട് നല്‍കുന്നില്ലെന്നും എന്നാല്‍ ഉത്തരേന്ത്യയിലെ മദ്രസകളില്‍ ഫണ്ട് നല്‍കാറുണ്ടെന്നും സമസ്ത നേതാവ് അബ്ദുസമദ് പൂക്കോട്ടൂര്‍ പറഞ്ഞു. ഇപ്പോഴത്തെ ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം ഉത്തരേന്ത്യയിലെ കുട്ടികളുടെ അവകാശ നിഷേധമാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.