മഹാരാജാസ് കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചു

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചു. എസ്എഫ്‌ഐ നേതാവിനെ കെഎസ്‌യു, ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. കോളേജ് പ്രിൻസിപ്പാളിന്റെ നേതൃത്വത്തിൽ ഇന്ന് ചേർന്ന യോഗത്തിലാണ് കോളേജ് അടച്ചിടാൻ തീരുമാനിച്ചത്.

അതേസമയം, എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി നാസര്‍ അബ്ദുള്‍ റഹ്മാനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ കെഎസ്‌യു, ഫ്രറ്റേണിറ്റി പ്രവര്‍ത്തകരായ 15 പേര്‍ക്കെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തു. വിദ്യാര്‍ഥിനി അടക്കമുള്ളവര്‍ക്കെതിരെ വധശ്രമം അടക്കം ഒന്‍പത് വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. സംഭവത്തില്‍ പ്രതികളായവരും ആശുപത്രിയില്‍ ചികിത്സയിലാണ്. ആശുപത്രി വിട്ടാലുടന്‍ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.