പതിമൂന്ന് വയസുകാരി ഗര്‍ഭിണിയായ കേസ്; ബന്ധുവായ പ്രതിക്ക് 120 വര്‍ഷം കഠിനതടവ്
മലപ്പുറം:പീഡനത്തിന് ഇരയായ 13 വയസുകാരി ഗര്‍ഭിണിയായ കേസില്‍ അടുത്ത ബന്ധുവായ പ്രതിക്ക് 120 വര്‍ഷം കഠിനതടവ്. മലപ്പുറം മഞ്ചേരി പോക്സോ കോടതിയാണ് തടവിന് പുറമെ 8 ലക്ഷം രൂപ പിഴയും ചുമത്തിയത്.
അടുത്ത ബന്ധുവിന്‍റെ ക്രൂരപീഡനത്തിന് ഇരയായ കൊണ്ടോട്ടിയിലെ 13 വയസുകാരി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വച്ച് പെണ്‍കുഞ്ഞിന് ജന്‍മം നല്‍കിയ കേസിലാണ് പ്രതിക്ക് കടുത്ത ശിക്ഷ വിധിച്ചത്. 48കാരനായ പ്രതി ഭാര്യയുടെ സഹോദരന്‍റെ മകളെയാണ് കുട്ടി കിടന്ന മുറിയില്‍ അതിക്രമിച്ച് കയറി പീഡിപ്പിച്ചത്.
ഒാണത്തിന് ഭാര്യ വീട്ടില്‍ വിരുന്ന് എത്തിയതായിരുന്നു പ്രതി. രണ്ടാഴ്ചക്ക് ശേഷം വീണ്ടും പീഡനത്തിന് ഇരയായി. പെണ്‍കുട്ടിക്ക് സുരക്ഷ ഒരുക്കേണ്ട കരങ്ങള്‍ തന്നെ ക്രൂരമായി ഉപദ്രവിച്ചെന്ന കണ്ടെത്തലിലാണ് 120 വര്‍ഷം തടവ് വിധിച്ചത്. പിഴ അടക്കുന്ന 8 ലക്ഷം രൂപ പെണ്‍കുട്ടിയുടെ ക്ഷേമത്തിനായി ഉപയോഗിക്കണം. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി അധിക തടവ് അനുഭവിക്കണം. മഞ്ചേരി പോക്സോ കോടതി ജഡ്ജി എ.എം. അഷറഫാണ് ശിക്ഷ വിധിച്ചത്. സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ. സോമസുന്ദരന്‍ ഹാജരായി.