മലപ്പുറം ജില്ലയിൽ വൈറൽ ഹെപ്പറ്റൈറ്റിസ് രോഗ ബാധക്കെതിരെ ആരോ​ഗ്യ വകുപ്പിന്റെ ജാ​ഗ്രതാ നിർദ്ദേശം

മലപ്പുറം ജില്ലയിൽ വൈറൽ ഹെപ്പറ്റൈറ്റിസ് രോഗ ബാധക്കെതിരെ ആരോ​ഗ്യ വകുപ്പിന്റെ ജാ​ഗ്രതാ നിർദ്ദേശം. വൈറൽ ഹെപ്പറ്റൈറ്റിസ് രോഗ ബാധയെ തുടർന്ന് ജില്ലയിൽ രണ്ടുപേർ മരിച്ച പശ്ചാത്തലത്തിലാണ് ആരോഗ്യ വകുപ്പ് ജാ​ഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചത്. കുടിവെള്ളത്തിൽ അതീവ ശ്രദ്ധ പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. ശുദ്ധമായ കുടിവെള്ളം മാത്രമേ ഉപയോഗിക്കാൻ പാടുള്ളുവെന്നു ഡിഎംഒ വിശദീകരിച്ചു.പോത്തുകല്ല്, എടക്കര പഞ്ചായത്തുകളിൽ ആണ് രോഗബാധ കൂടുതലായും റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. ഈ പ്രദേശങ്ങളിൽ ആരോഗ്യവകുപ്പ് നിയന്ത്രണം കടുപ്പിക്കുകയാണ്. പോത്തുകല്ലും എടക്കരയിലും കൂൾബാറുകളുടെയും ഹോട്ടലുകളുടെയും പ്രവർത്തനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.