മനാഫിന് എതിരെ ആരോപണങ്ങൾ ഉന്നയിച്ചതിന് പിന്നാലെ അർജുന്റെ കുടുംബത്തിന് നേരെ സൈബർ ആക്രമണം
ലോറി ഉടമ മനാഫിന് എതിരെ ആരോപണങ്ങൾ ഉന്നയിച്ചതിന് പിന്നാലെ ഷിരൂർ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ കുടുംബത്തിന് നേരെ സൈബർ ആക്രമണം. എന്നാൽ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുകയാണ് കുടുംബം. അർജുന്റെ പേരിൽ പണപ്പിരിവ് നടത്തി എന്നതടക്കമുള്ള ആരോപണങ്ങൾ മനാഫ് നിഷേധിച്ചു. വിവാദങ്ങൾക്കിടെ, ഇന്ന് മുക്കത്ത് സ്വീകരണ പരിപാടിയിൽ മനാഫ് പങ്കെടുക്കും.
ഗുരുതര ആരോപണങ്ങളാണ് മനാഫിനെതിരെ അർജുന്റെ കുടുംബം ഇന്നലെ ഉന്നയിച്ചത്. കുടുംബത്തിൻറെ പേരിൽ ഫണ്ട് പിരിവ് നടത്തുന്നു, യൂട്യൂബ് ചാനലിലൂടെ വൈകാരികത ചൂഷണം ചെയ്യുന്നു തുടങ്ങിയവയാണ് ആരോപണങ്ങൾ. ഇത് തുടർന്നാൽ നിയമനടപടിയിലേക്ക് നീങ്ങുമെന്നും അർജുൻ്റെ സഹോദരീ ഭർത്താവ് ജിതിൻ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കുടുംബത്തിന് നേരെ സൈബർ ആക്രമണം രൂക്ഷമായത്.