ഒരേസമയം രണ്ടുപേരെ വിവാഹം കഴിക്കാൻ അപേക്ഷ : പെൺകുട്ടിയിൽനിന്ന് മൊഴിയെടുക്കും
കൊല്ലം : ഒരേ സമയം രണ്ടുപേരെ വിവാഹം കഴിക്കാൻ അപേക്ഷ നൽകിയ പത്തനാപുരം പുന്നല സ്വദേശിയായ ഇരുപത്തിയൊന്നുകാരിയിൽനിന്ന് മൊഴി എടുക്കാൻ ഉദ്യോഗസ്ഥർ. പത്തനാപുരം, പുനലൂർ സ്വദേശികളെ വിവാഹം കഴിക്കുന്നതിനായി പത്തനാപുരം, പുനലൂർ സബ് രജിസ്ട്രാർ ഓഫീസുകളിലാണ് പെൺകുട്ടി അപേക്ഷ നൽകിയത്. ഓഫീസിൽ ഹാജരാകാൻ പത്തനാപുരം സബ് രജിസ്‌ട്രാർ പെൺകുട്ടിക്ക് വെള്ളിയാഴ്‌ച കത്ത് നൽകും. രണ്ടിടത്തും അപേക്ഷ നൽകിയത് പെൺകുട്ടി തന്നെയാണോയെന്ന് ഉറപ്പാക്കാനാണ് ഉദ്യോഗസ്ഥരുടെ ശ്രമം.
സ്പെഷ്യൽ മാര്യേജ് നിയമം അനുസരിച്ച് ജൂൺ 30ന് പത്തനാപുരം സബ് രജിസ്ട്രാർ ഓഫീസിലാണ് പെൺകുട്ടി ആദ്യം അപേക്ഷ നൽകിയത്. ഈ അപേക്ഷയിൽ പത്തനാപുരം സ്വദേശിയായ 22കാരനെ വിവാഹം കഴിക്കണമെന്നായിരുന്നു പെൺകുട്ടിയുടെ ആവശ്യം. എന്നാൽ, കഴിഞ്ഞ ദിവസം പുനലൂർ സബ് രജിസ്ട്രാർ ഓഫീസിൽ പുനലൂർ ഉറുകുന്ന് അണ്ടൂർപച്ച സ്വദേശിയായ മറ്റൊരു യുവാവിനെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടും അപേക്ഷ നൽകി. പെൺകുട്ടിയുടെ വീട് പത്തനാപുരത്തായതിനാൽ ഈ അപേക്ഷയിൽ ആക്ഷേപം സ്വീകരിക്കുന്നതിനായി പ്രസിദ്ധീകരിക്കുന്നതിന്റെ ഭാഗമായി നോട്ടീസ് പത്തനാപുരം സബ് രജിസ്ട്രാർ ഓഫീസിലെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. സ്‌പെഷ്യൽ മാര്യേജ് ആക്ട് അനുസരിച്ച് അപേക്ഷ നൽകി 30ദിവസത്തിനു ശേഷമേ രജിസ്‌ട്രേഷൻ നടത്തി വിവാഹ സർട്ടിഫിക്കറ്റ് നൽകൂ. അതിന് മൂന്ന് സാക്ഷികളും എത്തണം.
തിരിച്ചറിഞ്ഞത് മുൻകൂർ നോട്ടീസിൽ
സംഭവം തിരിച്ചറിയാൻ ഇടയായത് സ്പെഷ്യൽ മാര്യേജ് ആക്ട് അനുസരിച്ചുള്ള മുൻകൂർ നോട്ടീസിനെ തുടർന്ന്. 1954ലെ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യണമെങ്കിൽ 30 ദിവസത്തെ മുൻകൂർ നോട്ടീസ് നൽകണമെന്ന വ്യവസ്ഥയുള്ളതിനാലാണ് പത്തനാപുരം സ്വദേശിയായ പെൺകുട്ടിയുടെ പേരിൽ പത്തനാപുരത്തും പുനലൂരിലും വിവാഹത്തിന് അപേക്ഷ നൽകിയെന്ന വിവരം പുറത്തറിഞ്ഞത്. വിവാഹത്തിൽ എതിർപ്പ് ഉള്ളവർക്ക് അറിയിക്കാനാണ് നോട്ടീസ് കാലാവധി നിഷ്കർഷിക്കുന്നത്. എന്നാൽ, മുൻകൂർ നോട്ടീസ് ഇക്കാലത്തും വേണോ എന്ന് അടുത്തിടെ ഹൈക്കോടതി ആരാഞ്ഞിരുന്നു. 30 ദിവസത്തെ സാവകാശം ഇക്കാലത്തും ആവശ്യമുണ്ടോ എന്ന് നിയമനിർമാതാക്കൾ പരിഗണിക്കണമെന്നായിരുന്നു ജസ്റ്റിസ് വി ജി അരുൺ നിരീക്ഷിച്ചത്.
സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യാൻ നോട്ടീസ് നൽകുന്നതിനു മുമ്പ് 30 ദിവസമെങ്കിലും കക്ഷികളിൽ ഒരാൾ മാര്യേജ് ഓഫീസറുടെ അധികാര പരിധിയിലുള്ള സ്ഥലത്ത് താമസിച്ചിരിക്കണമെന്നു വ്യവസ്ഥയുണ്ട്. അപേക്ഷ 90 ദിവസത്തിനുള്ളിൽ പിൻവലിക്കാനും അനുവാദമുണ്ട്.