മലയാളത്തിന്റെ സ്നേഹാദരം ഏറ്റുവാങ്ങി ഡോ.സ്വീകൃതി ഒഡീഷയിലേക്ക് മടങ്ങി
മേപ്പാടി: മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ അപകടത്തിൽനിന്നും രക്ഷപ്പെട്ട ഡോ.സ്വീകൃതി മഹപത്ര മലയാളത്തിന്റെ സ്നേഹാദരങ്ങൾ ഏറ്റുവാങ്ങി സ്വന്തം നാടായ ഒഡീഷയിലേക്ക് മടങ്ങി. കൂട്ടുകാരായ മൂന്നുപേരുമൊത്ത് അവധി ആഘോഷിക്കാൻ വയനാട്ടിൽ എത്തിയപ്പോഴായിരുന്നു അപകടത്തിൽപ്പെട്ടത്. അപ്രതീക്ഷിതമായി ഉണ്ടായ കുത്തൊഴുക്കിൽ നാടും നാട്ടുകാരും മൺമറഞ്ഞപ്പോൾ കൂടെ ഉണ്ടായിരുന്ന രണ്ട് സുഹൃത്തുക്കളെയും സ്വീകൃതിക്ക് നഷ്ടമായി. അതിൽ ഒരാൾ ഇന്നും കാണാമറയത്തുതന്നെ.
മാരക പരിക്കുകളോടെ ജൂലൈ 30 നായിരുന്നു ഡോ.സ്വീകൃതിയെ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. അന്നേ ദിവസം തന്നെ ഐസിയുവിൽ അഡ്മിറ്റാക്കുകയും തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു. ചെളിവെള്ളവും മണ്ണും മണലും കൽചീളുകളും നിറഞ്ഞ ശ്വാസകോശവുമായായിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. ഒപ്പം വലുത് തുടയെല്ലിന്റെ പൊട്ടലും ഇടതു കാലിലെ ആഴത്തിലുള്ള മുറിവും സ്ഥിതി വഷളാക്കി.
പതിനഞ്ചു ദിവസത്തെ വെന്റിലേറ്റർ ചികിത്സകൾക്ക് ശേഷം വീണ്ടും ശ്വാസ തടസ്സത്തെ തുടർന്ന് ഐസിയു ൽ തന്നെ തുടരേണ്ടിവന്നു. അതോടൊപ്പം കാലിലെയും മറ്റു ശരീര ഭാഗങ്ങളിലെയും മുറിവുകൾക്കുള്ള ചികിത്സയും തുടർന്നു. ശ്വസന സംബന്ധമായ അസുഖങ്ങൾ ഭേദമായതിനെ തുടർന്ന് പിന്നീട് നടന്നത് തുടയെല്ലിന്റെ ശസ്ത്രക്രിയ ആയിരുന്നു. തുടക്കത്തിൽ അത്യാഹിത വിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്ന ചികിത്സകൾ പിന്നീട് പൾമണോളജി, ജനറൽ മെഡിസിൻ, അസ്ഥിരോഗം, തീവ്ര പരിചരണം തുടങ്ങിയ വിഭാഗങ്ങളിലൂടെയായിരുന്നു നടന്നത്.
ഇൻഫെക്ഷൻ കാരണം ചികിത്സാഘട്ടത്തിൽ പല തവണ അവസ്ഥ മോശമായെങ്കിലും പതുക്കെ മരുന്നുകളോട് പ്രതികരിച്ച് സാവധാനം ഡോ.സ്വീകൃതി സാധാരണ ജീവിതത്തിലേക്ക് മടങ്ങി.
29 ദിവസത്തെ ആശുപത്രിവാസത്തിനൊടുവിൽ ചില സങ്കടങ്ങൾ ബാക്കിയാക്കി ഒപ്പം ശരീരത്തിന്റെയും മനസ്സിന്റെയും വേദനകൾ കടിച്ചമർത്തി സഹോദരിമാർക്കൊപ്പം ഡോ. സ്വീകൃതി നാട്ടിലേക്ക് തിരിച്ചു. ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് എക്സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീർ ഡോ. സ്വീകൃതിക്ക് പൂചെണ്ട് നൽകി. ഒപ്പം പിജി പഠനം കഴിഞ്ഞാൽ ജനറൽ മെഡിസിൻ വിഭാഗത്തിൽ സീനിയർ റസിഡന്റായി ജോലി വാഗ്ദാനവും നൽകി. കല്പറ്റ എം എൽ എ അഡ്വ. ടി സിദ്ദിഖ് അവർക്ക് ഉപഹാരം കൈമാറി.ഡീൻ. ഡോ. ഗോപകുമാരൻ കർത്ത, മെഡിക്കൽ സൂപ്രണ്ട് ഡോ. മനോജ് നാരായണൻ, ഡിജിഎമ്മുമാരായ ഡോ. ഷാനവാസ് പള്ളിയാൽ, സൂപ്പി കല്ലങ്കോടൻ, ഡോക്ടർമാർ, നഴ്സുമാർ, മറ്റ് ആശുപത്രി ജീവനക്കാർ എന്നിവരും ചേർന്നായിരുന്നു ഇവരെ യാത്ര ആക്കിയത്.