ദുരഭിമാനത്തിന്‍റെ പേരില്‍ അച്ഛൻ വിഷം കൊടുത്ത് കൊന്ന ഫാത്തിമയുടെ മൃതദേഹം സംസ്ക്കരിച്ചു.
എറണാകുളം ആലുവയില്‍ ദുരഭിമാനത്തിന്‍റെ പേരില്‍ അച്ഛൻ വിഷം കൊടുത്ത് കൊന്ന പത്താംക്ലാസുകാരി ഫാത്തിമയുടെ മൃതദേഹം സംസ്ക്കരിച്ചു. ദുരഭിമാനത്തിന്‍റെ പേരിൽ പിതാവ് സ്വന്തം മകളുടെ ജീവനൊടുത്തപ്പോള്‍ ആലങ്ങാട് മറിയപ്പടിക്കാര്‍ക്ക് നഷ്ടമായത് ചിരിച്ച് കളിച്ച് തങ്ങളുടെ മുന്നിലൂടെ ഓടി നടന്നിരുന്ന പതിനഞ്ചുകാരിയെ ആണ്. നെഞ്ച് നീറുന്ന വേദനയോടെയാണ് നാട് ഫാത്തിമയെ യാത്രയാക്കിയത്. നാട്ടുകാരും സഹപാഠികളും ഫാത്തിമയെ അവസാനമായി ഒരു നോക്കു കാണാനായെത്തി.
വൈറ്റിലയിലുള്ള മാതൃഗൃഹത്തിലെ പൊതുദര്‍ശനത്തിന് ശേഷം കലൂര്‍ കറുകപ്പള്ളി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഉച്ചക്ക് 2.45-ഓടെയാണ് ഫാത്തിമയുടെ ഖബറടക്കം നടന്നത്. ഇതരമതസ്ഥനെ പ്രണയിച്ചതിന്റെ പേരിലാണ് പെണ്‍കുട്ടിയെ പിതാവ് ക്രൂരമായി മര്‍ദിക്കുകയും വിഷം കുടിപ്പിക്കുകയും ചെയ്തത്. കഴിഞ്ഞ മാസം 29 ന് ഞായറാഴ്ച്ചയായിരുന്നു കേരളത്തെ നടുക്കിയ കൊടും ക്രൂരത അരങ്ങേറിയത്. ഒടുവിൽ കഴിഞ്ഞ പത്തുദിവസമായി അത്യാസന്ന നിലയില്‍ കഴിഞ്ഞ ഫാത്തിമ ഇന്നലെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ആശുപത്രിയിൽ വെച്ച് ഫാത്തിമ മജിസ്ട്രേറ്റിന് നൽകിയ മൊഴി കേസിൽ കുട്ടിയുടെ പിതാവ് അബീസിന് കുരുക്കാകും. ‘വാപ്പ തന്നെ അതിക്രൂരമായി മര്‍ദിച്ചതിന് ശേഷം ബലമായി വായിലേക്ക് കളനാശിനി ഒഴിക്കുകയായിരുന്നു’ എന്നാണ് ഫാത്തിമ മരണക്കിടക്കയിൽ നിന്നും മൊഴി നൽകിയത്.