പാലിൽ പൂപ്പലും ആൻ്റിബയോട്ടിക്കും: ജാഗ്രതാ മുന്നറിപ്പ്

പാലിൽ പൂപ്പലും ആൻ്റിബയോട്ടിക്കും കൂടുക ആണെന്ന കണ്ടെത്തലിനെ തുടർന്ന് കേന്ദ്ര ഭക്ഷ്യ സുരക്ഷ അതോറിറ്റി ജാഗ്രതാ നിർദേശം നൽകി. ഇതേത്തുടർന്ന് സംസ്ഥാനത്ത് ക്ഷീര വികസന വകുപ്പ് പരിശോധന ശക്തമാക്കി.

കാലിത്തീറ്റ കൂടുതലായി കൊടുക്കുന്ന പശുക്കളിലാണ് അഫ്ലാടോക്‌സിൻ (പൂപ്പൽ വിഷബാധ) ഉണ്ടാകുന്നത്. ഇത് പശുവിൻ്റെ ശരീരത്ത് നിന്നും പാലിൽ കലരുന്നു. ഈ പാൽ തുടർച്ചയായി ഉപയോഗിക്കുന്നത് മനുഷ്യരുടെ ആരോഗ്യത്തെയും ബാധിക്കും.

ഭക്ഷ്യസുരക്ഷാ അതോറിറ്റി കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ 1,100 നഗരങ്ങളിൽ നിന്ന് പാൽ ശേഖരിച്ച് നടത്തിയ പരിശോധനയിൽ ലഭിച്ച 6,432 സാംപിളുകളിൽ 368ലും ഭക്ഷ്യ സുരക്ഷ അതോറിറ്റി അനുവദിച്ചതിൽ കൂടുതൽ അഫ്ലാടോക്സിൻ കണ്ടെത്തി.

അനുവദനീയ അളവ് 20 പിപിബി (പാർട്ട് പെർ ബില്യൺ) ആണ്. അതായത് ഒരു കോടി ലിറ്ററിൽ 20 മൈക്രോഗ്രാം ആണ്. എന്നാൽ പലയിടത്ത് നിന്നും ശേഖരിച്ച പാലിൽ ഈ അളവ് വളരെ കൂടുതലാണ് എന്ന കണ്ടെത്തലിനെ തുടർന്നാണ് സംസ്ഥാനങ്ങൾക്ക് സുരക്ഷ അതോറിറ്റി ജാഗ്രതാ നിർദേശം നൽകിയത്.