മലയാള സാഹിത്യത്തെ ലോകസാഹിത്യത്തിന്റെ നെറുകയിൽ എത്തിച്ച പ്രതിഭയെയാണ് എംടിയുടെ വിയോഗത്തിലൂടെ നമുക്ക് നഷ്ടമായിരിക്കുന്നതെന്ന് മുഖ്യമന്ത്രി
കോഴിക്കോട് | മലയാള സാഹിത്യത്തെ ലോകസാഹിത്യത്തിന്റെ നെറുകയിൽ എത്തിച്ച പ്രതിഭയെയാണ് എംടിയുടെ വിയോഗത്തിലൂടെ നമുക്ക് നഷ്ടമായിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിനു പൊതുവിലും മലയാള സാഹിത്യലോകത്തിന് സവിശേഷമായും നികത്താനാവാത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.
ചെറുകഥാകൃത്ത്, നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചലച്ചിത്ര സംവിധായകൻ, പത്രാധിപർ, സാംസ്‌കാരിക നായകൻ എന്നിങ്ങനെ എഴുത്തിന്റെയും കലാ-സാംസ്‌കാരിക പ്രവർത്തനങ്ങളുടെയും മേഖലകളിൽ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു എംടി വാസുദേവൻ നായർ. കേരളീയ ജീവിതത്തിന്റെ സൗന്ദര്യവും സങ്കീർണതയുമായിരുന്നു തന്റെ എഴുത്തുകളിലൂടെ അദ്ദേഹം പകർന്നുവെച്ചത്. വള്ളുവനാടൻ നാട്ടുജീവിത സംസ്‌കാരത്തിൽ വേരുറപ്പിച്ചുനിന്നാണ് ലോകത്തിന്റെ ചക്രവാളങ്ങളിലേക്ക് അദ്ദേഹം ഉയർന്നത്. അങ്ങനെ മലയാളികളുടെ വ്യക്തിമനസ്സിനെ മുതൽ കേരളക്കരയുടെയാകെ സമൂഹമനസ്സിനെ വരെ തന്റെ എഴുത്തുകളിലൂടെ എംടി അടയാളപ്പെടുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒരു ജനതയാകെ മാതൃഭാഷ എങ്ങനെ എഴുതണം, എങ്ങനെ പറയണം എന്ന് ഒരു പേനയുടെ ബലം കൊണ്ട് നിര്‍ണയിക്കാന്‍ കഴിഞ്ഞ മനുഷ്യനെയാണ് നഷ്ടപ്പെട്ടതെന്നാണ് സതീശൻ അഭിപ്രായപ്പെട്ടത്. ചവിട്ടി നില്‍ക്കുന്ന മണ്ണിനേയും ചുറ്റുമുള്ള മനുഷ്യരെയും പ്രകൃതിയെയും ആദരവോടെയും ആഹ്‌ളാദത്തോടെയും നോക്കി കാണാന്‍ അദ്ദേഹം മലയാളിയെ പഠിപ്പിച്ചു. മലയാളത്തിന്റെ പുണ്യവും നിറവിളക്കുമായി നിറഞ്ഞു നിന്ന എം.ടി രാജ്യത്തിന്റെ ഔന്നത്യമായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് വിശദീകരിച്ചു. എം ടിയെന്ന രണ്ടക്ഷരം മലയാള സാഹിത്യത്തിലെ ഹൃദയപക്ഷത്തിന്റെ അക്ഷര മുദ്രയായിരുന്നുവെന്നാണ് സുധാകരൻ പറഞ്ഞത്. ആധുനിക മലയാള സാഹിത്യത്തിന് മഹത്തായ സംഭാവനകള്‍ നല്‍കിയ എംടി കേരളത്തിന്റെ സുകൃതമായിരുന്നുവെന്നും കെ പി സി സി അധ്യക്ഷൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. മലയാളം ഉള്ളിത്തോളം കാലം എം ടിക്ക് മരണമില്ലെന്നാണ് രമേശ് ചെന്നിത്തല അനുശോചന സന്ദേശത്തിൽ പറഞ്ഞത്.