മുസ്ലിം യൂത്ത് ലീഗ് പ്രകടനത്തിൽ വിദ്വേഷ മുദ്രാവാക്യം വിളിച്ചതിൽ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു.

കാഞ്ഞങ്ങാട്: മുസ്ലിം യൂത്ത് ലീഗ് പ്രകടനത്തിൽ വിദ്വേഷ മുദ്രാവാക്യം വിളിച്ചതിൽ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. മണിപ്പൂർ ഐക്യദാർഢ്യ പ്രകടനത്തിൽ പങ്കെടുത്ത മുന്നൂറോളം പ്രവർത്തകർക്കെതിരെയാണ് ഹോസ്ദുർ​ഗ് പൊലീസ് കേസെടുത്തത്. ബിജെപി മണ്ഡലം പ്രസിഡന്റ് പ്രശാന്ത് നൽകിയ പരാതിയിലാണ് കേസ്. മതസ്പർധ വളർത്തൽ, നിയമ വിരുദ്ധമായി സംഘം ചേരൽ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു.

സംസ്ഥാനവ്യാപകമായി ഇന്നലെ സംഘടിപ്പിച്ച മണിപ്പൂർ ഐക്യദാർഢ്യ ദിനാചരണത്തിന്റെ ഭാ​ഗമായി കാഞ്ഞങ്ങാട് നടത്തിയ റാലിയിലാണ് വിവാദ മുദ്രാവാക്യം ഉയർന്നത്.അതേസമയം റാലിയിൽ‌ വിദ്വേഷ മുദ്രാവാക്യം വിളിച്ച പ്രവർത്തകനെ പുറത്താക്കിയതായി മുസ്ലിം യൂത്ത് ലീ​ഗ് അറിയിച്ചു . മുദ്രാവാക്യം വിളിച്ച കാഞ്ഞങ്ങാട് മുൻസിപ്പാലിറ്റിയിലെ അബ്ദുൽ സലാമിനെ പുറത്താക്കിയ കാര്യം വാർത്താ കുറിപ്പിലൂടെയാണ് അറിയിച്ചത്.