നവരാത്രി മഹോത്സവത്തിന് ഇന്ന് തുടക്കം

വിദ്യാരംഭത്തിന്റെയും ആരാധനയുടെയും വിജയത്തിന്റെയും ഉത്സവമായ നവരാത്രി ഉത്സവത്തിന് ഇന്ന് തുടക്കമാകും

വെളുത്ത പക്ഷത്തിലെ അമാവാസി മുതല്‍ പൗർണമി വരെയുള്ള ഒൻപത് ദിവസങ്ങളിലാണ് നവരാത്രി ആഘോഷം. ആദ്യത്തെ മൂന്ന് ദിവസം പരാശക്തിയെ പാർവതിയായും പിന്നീടുള്ള മൂന്ന് ദിവസം ലക്ഷ്മിയായും അവസാന മൂന്ന് ദിവസം സരസ്വതിയായും സങ്കല്‍പ്പിച്ചാണ് പൂജ നടത്തുന്നത്. കേരളത്തില്‍ സരസ്വതി ഭാവത്തെയാണ് കൂടുതലായും ആരാധിക്കുന്നത്. അജ്ഞാനമാകുന്ന ഇരുളിനെ അകറ്റി അറിവിൻറെ പ്രകാശം പ്രദാനം ചെയ്യുന്നു എന്നതാണ് നവരാത്രി ആഘോഷത്തിന്റെ സന്ദേശം

വിദ്യാദേവതയുടെ അനുഗ്രഹത്തിനായി ദുർഗാഷ്ടമി ദിവസം പുസ്തകങ്ങളും ആയുധങ്ങളും പൂജയ്‌ക്ക് വയ്‌ക്കുന്നു. മഹാവനമി ദിവസം പ്രാർത്ഥനയോടെ കഴിഞ്ഞ ശേഷം വിജയദശമി ദിവസമാണ് പൂജയെടുപ്പും വിദ്യാരംഭവും നടത്തുന്നത്. ജീവിത വിജയത്തിന് ഉപകരിക്കുന്ന എല്ലാ കലകള്‍ക്കും തുടക്കം കുറിക്കാൻ ഏറ്റവും അനുയോജ്യമായ ദിവസമായാണ് വിജയദശമി ദിവസത്തെ കാണുന്നത്

യോദ്ധാവ് തന്റെ ആയുധങ്ങളെയും സാഹിത്യകാരൻ തന്റെ ഗ്രന്ഥങ്ങളെയും തൂലികയെയും സംഗീതജ്ഞർ സംഗീതോപകരണങ്ങളെയും ദേവിയുടെ പാദത്തില്‍ സമർപ്പിച്ചു പൂജിച്ച ശേഷം വിജയദശമി ദിനത്തിലെ ശുഭമുഹൂർത്തത്തില്‍ പ്രാർഥനാപൂർവം തിരികെ എടുക്കുന്നു. വിദ്യാർത്ഥികള്‍ക്ക് പുറമെ മുതിർന്നവരും ദേവിയുടെ അനുഗ്രഹത്തിനായി ഒൻപത് ദിവസം നീണ്ടു നില്‍ക്കുന്ന വ്രതം അനുഷ്ഠിക്കാറുണ്ട്. 7, 5, 3, 1 എന്നീ ക്രമത്തിലും വ്രതം അനുഷ്ഠിക്കാം.

പൂജ വയ്പ്പ് ഇങ്ങനെ ….

ഈ വര്‍ഷത്തെ നവരാത്രി ആരംഭിക്കുന്നത് ഒക്ടോബര്‍ 3 വ്യാഴാഴ്ച. പൂജവെയ്പ് ഒക്ടോബര്‍ 10 വ്യാഴാഴ്ച സന്ധ്യക്ക്, മഹാനവമി ആയുധ പൂജ ഒക്ടോബര്‍ 12,

അഷ്ടമി സന്ധ്യക്ക് തൊടുന്ന ദിവസമാണ് പൂജ വയ്‌ക്കേണ്ടത്. അത് ഒക്ടോബര്‍ 10 വ്യാഴാഴ്ചയാണ് വരിക (1200 കന്നി 24) അന്ന് സപ്തമി തിഥി ഉച്ചയ്ക്ക് 12:28 ന് അവസാനിക്കുന്നുണ്ട്.

ഒക്ടോബര്‍ 11 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12:08 ന് അഷ്ടമി അവസാനിക്കും. അതു കൊണ്ട് അന്ന് വൈകിട്ട് അഷ്ടമിയുടെ സ്പര്‍ശം ഇല്ലാത്തതിനാല്‍ തലേന്നാണ് പൂജവയ്പ്പ്.

അതായത് ഇത്തവണ വ്യാഴാഴ്ച വൈകിട്ട് പൂജ വച്ചാല്‍. വെള്ളിയും ശനിയും കഴിഞ്ഞ് ഞായറാഴ്ച രാവിലെയേ പൂജ എടുക്കാന്‍ പറ്റൂ.