വിശുദ്ധ വാരാചരണത്തിന് തുടക്കം; ഇന്ന് ഓശാന ഞായർ

കണ്ണൂർ: യേശു ക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെ സ്മരണകളുണർത്തി കുരുത്തോലകളേന്തി ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആഘോഷിക്കും. സഹനത്തിന്റെയും കുരിശു മരണത്തിന്റെയും ദിനങ്ങളായ പീഡാനുഭവവാരത്തിന് ഇതോടെ തുടക്കമാവും.

യേശുക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിനൊപ്പം അന്ത്യ അത്താഴത്തിന്റെയും കാൽവരിക്കുന്നിലെ കുരിശു മരണത്തിന്റെയും ഉയിർപ്പ് തിരുന്നാളിന്റെയും ഓർമ്മ പുതുക്കുന്ന വേളയാണിത്.

യേശുക്രിസ്തുവിനെ യഹൂദജനം രാജകീയ പദവികളോടെ ഒലിവ് ഇലകളേന്തി ജറുസലേം നഗരത്തിലേക്ക് വരവേറ്റതിനെ അനുസ്മരിച്ച്, ദേവാലയങ്ങളിൽ ഇന്ന് കുരുത്തോല ഘോഷയാത്രയും ദിവ്യബലിയും നടക്കും.

തിങ്കൾ മുതൽ ബുധൻ വരെ ധ്യാനത്തോടനുബന്ധിച്ച് ദേവാലയങ്ങളിൽ പുരോഹിതർ ബൈബിൾ സന്ദേശം നൽകി ദിവ്യബലി അർപ്പിക്കും. പെസഹ, ദുഖവെള്ളി ആചാരണചടങ്ങുകൾക്ക് ശേഷം ശനിയാഴ്ച രാത്രി ആരംഭിക്കുന്ന ഉയിർപ്പ് തിരുകർമ്മങ്ങൾ ഞായറാഴ്ച പുലർച്ചെ അവസാനിക്കുന്നതോടെ ദേവാലയങ്ങളിലുംവീടുകളിലും ഈസ്റ്റർ ആഘോഷങ്ങൾക്ക് തുടക്കമാകും.