സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ലോറി  ഇടിച്ചുകയറി മൂന്ന് വിദ്യാര്‍ത്ഥികൾ മരിച്ചു

പാലക്കാട്: പാലക്കാട് കല്ലടിക്കോടിൽ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ലോറി  ഇടിച്ചുകയറിമൂന്ന് വിദ്യാര്‍ത്ഥികൾ മരിച്ചു . റോഡിലൂടെ നടക്കുകയായിരുന്ന നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഇന്ന് വൈകിട്ട് നാലോടെയാണ് അപകടമുണ്ടായത്. സ്കൂളിൽ നിന്ന് വിദ്യാര്‍ത്ഥികള്‍ റോഡിലൂടെ നടന്നുപോകുന്നതിനിടെ ലോറി പാഞ്ഞു കയറുകയായിരുന്നു.

. പൊലീസും സ്ഥലത്തെത്തി. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. നിയന്ത്രണം വിട്ടെത്തിയ ലോറി വിദ്യാര്‍ത്ഥികളുടെ മുകളിലേക്ക്  പാഞ്ഞുകയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികളായ നാട്ടുകാര്‍ പറഞ്ഞു. അപകടത്തിൽ പരിക്കേറ്റ മൂന്ന് വിദ്യാര്‍ത്ഥികളുടെ ആരോഗ്യ നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു. കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തിൽപ്പെട്ടത്.

കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്കൂളിന് സമീപത്ത് വെച്ചാണ് ദാരുണാപകടം ഉണ്ടായത്. സിമന്‍റ് ലോഡ് കയറ്റി വന്ന ലോറി വിദ്യാര്‍ത്ഥികളെ ഇടിച്ചുകയറിയശേഷം റോഡിന് സമീപത്തെ താഴ്ചയിലേക്ക് മറിയുകയായിരുന്നു. ക്രെയിൻ ഉപയോഗിച്ച് ലോറി ഉയര്‍ത്തി. ലോറിക്കടിയിൽ വിദ്യാര്‍ത്ഥികള്‍ കുടുങ്ങിയിട്ടുണ്ടോയെന്ന സംശയത്തിലാണ് ഇപ്പോള്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. വിവിധ ആംബുലന്‍സുകളിലായാണ് പരിക്കേറ്റ വിദ്യാര്‍ത്ഥികളെ ആശുപത്രികളിലെത്തിച്ചത്. ദേശീയ പാതയിലാണ് അപകടമുണ്ടായത്