പറശ്ശിനിക്കടവ് പാലം നവീകരണ പ്രവൃത്തി അവസാനഘട്ടത്തിൽ; ഉടൻ പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കും

പറശ്ശിനിക്കടവ് പാലത്തിൻ്റെ നവീകരണ പ്രവൃത്തിയുടെ ഭാഗമായുള്ള അറ്റകുറ്റപണികൾ അവസാന ഘട്ടത്തിലേക്ക് .റീ ടാറിംഗ് പ്രവൃത്തികൾ എല്ലാം പൂർത്തിയായി ഒരാഴ്ചക്കുള്ളിൽ തന്നെ പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കും.ഒന്നര മാസം മുൻപാണ് അറ്റകുറ്റ പണിക്കായി പറശ്ശിനിക്കടവ് പാലം പൂർണ്ണമായി അടച്ചിട്ടത്. മയ്യിൽ പഞ്ചായത്തിനേയും ആന്തൂർ നഗരസഭയേയും ബന്ധിപ്പിക്കുന്ന പാലം 1997ലാണ് ഉദ്ഘാടനം ചെയ്തത്.ഇറിഗേഷൻ വകുപ്പിനു കീഴിലുള്ള ഈ പാലത്തിൽ ഒന്നരപ്പതിറ്റാണ്ടിനു ശേഷമാണ് അറ്റകുറ്റപ്പണി നടക്കുന്നത്. നിരവധി പ്രതിഷേധങ്ങൾക്കൊടുവിലാണ് 81 ലക്ഷം രൂപയുടെ അറ്റകുറ്റപ്പണിക്ക് ഉത്തരവായത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയാണ് പ്രവൃത്തി നടത്തുന്നത്. ഇപ്പോൾ ധർമശാലയിൽനിന്നും പറശ്ശിനിയിൽനിന്നും കരിങ്കൽക്കുഴി, മയ്യിൽ, കൊളച്ചേരി, മട്ടന്നൂർ വിമാനത്താവളം എന്നീ ഭാഗങ്ങളിലേക്കുള്ള വാഹനങ്ങൾ കോൾമെട്ടയിൽനിന്ന് തിരിഞ്ഞ് മുയ്യം റോഡിലൂടെ ചെന്ന് പൂവത്തുംകുന്ന് ഇറങ്ങി നണിച്ചേരി പാലത്തിലൂടെയാണ് നിലവിൽ കടന്നുപോകുന്നത്.