പാസ്‌പോർട്ട് നിയമത്തില്‍ വലിയ മാറ്റം, അപേക്ഷകർക്ക് ജനന സർട്ടിഫിക്കറ്റ് നിർബന്ധമാക്കി

ഡല്‍ഹി: പാസ്‌പോർട്ട് നിയമത്തില്‍ വലിയ മാറ്റം. പുതിയ പാസ്‌പോർട്ട് അപേക്ഷകർക്ക് ജനന സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിരിക്കുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം.പുതിയ പാസ്‌പോർട്ട് നിയമഭേദഗതി പ്രകാരം 2023 ഒക്‌ടോബർ ഒന്നിനോ അതിന് ശേഷമോ ജനിച്ചവർ പാസ്‌പോർട്ട് ലഭിക്കാൻ ജനന സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഇവരുടെ ജനന സർട്ടിഫിക്കറ്റ് മാത്രമേ ജനന തീയതി തെളിയിക്കുന്നതിനുള്ള ഔദ്യോഗിക രേഖയായി സ്വീകരിക്കുകയുള്ളൂ. ഡോക്യുമെന്റേഷൻ കാര്യക്ഷമമാക്കുന്നതും പ്രായപരിശോധനയില്‍ ഏകീകരണം ഉറപ്പാക്കുന്നതും ലക്ഷ്യമിട്ടുള്ളതാണ് പുതിയ മാറ്റം. പുതിയ നിയമം ഫെബ്രുവരി 28 മുതല്‍ പ്രാബല്യത്തില്‍ വന്നു.

പുതിയ നിയമ പ്രകാരം മുനിസിപ്പല്‍ കോർപ്പറേഷൻ, ദി രജിസ്ട്രാർ ഒഫ് ബർത്ത്‌സ് ആന്റ് ഡെത്ത്‌സ്, രജിസ്ട്രേഷൻ ഒഫ് ബർത്ത്‌സ് ആന്റ് ഡെത്ത്‌സ് ആക്‌ട് 1969ന് കീഴില്‍ വരുന്ന ഭരണസംവിധാനം എന്നിവർ നല്‍കുന്ന ജനന സർട്ടിഫിക്കറ്റ് മാത്രമായിരിക്കും ജനന തീയതി തെളിയിക്കാനുള്ള ഔദ്യോഗിക രേഖയായി കണക്കാക്കുക. 2023 ഒക്ടോബർ ഒന്നിന് മുൻപ് ജനിച്ചവർക്ക് ഈ നിയമം ബാധകമല്ല. ഇത്തരക്കാർക്ക് പഴയതുപോലെ തന്നെ സ്‌കൂള്‍ സർട്ടിഫിക്കറ്റുകള്‍, പാൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ് എന്നിവ ജനന തീയതി തെളിയിക്കാനുള്ള രേഖയായി സമർപ്പിക്കാം.