പയ്യന്നൂരില്‍ കാഷ് ഡെപ്പോസിറ്റ് മെഷീനില്‍ 500 രൂപയുടെ കള്ളനോട്ടുകള്‍ കണ്ടെത്തി

പയ്യന്നൂർ: എടിഎം കൗണ്ടറിലെ കാഷ് ഡെപ്പോസിറ്റ് മെഷിനീല്‍ നിക്ഷേപിച്ച പണത്തില്‍ നിന്നും കള്ളനോട്ടുകള്‍ കണ്ടെത്തി.
പയ്യന്നൂർ പോലീസ് സ്റ്റേഷൻ റോഡില്‍ പ്രവർത്തിക്കുന്ന ബാങ്കിന്‍റെ ഡെപ്പോസിറ്റ് മെഷീനില്‍ നിന്നാണ് 500ന്‍റെ രണ്ട് കള്ളനോട്ടുകള്‍ ബാങ്കധികൃതർ കണ്ടെത്തിയത്. പണം നിക്ഷേപിച്ചവർ കള്ളനോട്ടുകള്‍ ഇടകലത്തി ഇട്ടതായിരിക്കുമെന്നാണ് നിഗമനം. ബാങ്കധികൃതരുടെ പരാതിയില്‍ പോലീസ് അന്വേഷണമാരംഭിച്ചു.

ദിവസങ്ങള്‍ക്കു മുന്പ് കണ്ണൂർ പോലീസ് പിടികൂടിയ കള്ളനോട്ടു കേസുമായി ബന്ധമുള്ളതാണ് ഈ സംഭവമെന്നു കരുതുന്നു. കണ്ണൂരില്‍ പിടികൂടിയ കള്ളനോട്ടുകളുടെ സീരിയല്‍ നന്പറില്‍പെടുന്നവയാണ് കാഷ്ഡെപ്പോസിറ്റ് മെഷീനില്‍ നിന്നും കണ്ടെത്തിയവയും. ഇതോടെ ജില്ലയില്‍ വ്യാപകമായ തോതില്‍ കള്ളനോട്ടുകള്‍ വിതരണം ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. കഴി‍ഞ്ഞയാഴ്ച കണ്ണൂരിലെ ബാറില്‍ 500ന്‍റെ കള്ളനോട്ടുപയോഗിച്ച്‌ ബില്ലടച്ച പയ്യന്നൂർ സ്വദേശി ഷിജുവി (36)നെ കണ്ണൂർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പാടിയോട്ടുചാല്‍ ഏച്ചിലംപാറ സ്വദേശിനിയും കാസർഗോഡ് ജില്ലയില്‍ ഡ്രൈവിംഗ് സ്കൂള്‍ നടത്തുകയും ചെയ്യുന്ന പി. ശോഭ (45)യും അറസ്റ്റിലായിരുന്നു. കൂടുതല്‍ അന്വേഷണത്തിന്‍റെ ഭാഗമായി ഇവരെ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്.