ജനുവരി ഒന്ന് മുതൽ പി എഫ്‌ പെൻഷൻ ഏത്‌ ബാങ്കിൽ നിന്നും പിൻവലിക്കാം

ഇ.പി.എഫ്‌ പെൻഷൻകാർക്ക്‌ രാജ്യത്തെ ഏത് ബാങ്കിന്റെയും ഏത് ശാഖയില്‍ നിന്നും പെൻഷൻ തുക പിൻവലിക്കാൻ കഴിയുന്ന സംവിധാനം ജനുവരി ഒന്ന്‌ മുതൽ നിലവില്‍ വരും.

ഇതടക്കമുള്ള പരിഷ്കാരങ്ങള്‍ ഉള്‍കൊള്ളുന്ന കേന്ദ്രീകൃത പെൻഷൻ പേയ്‌മെന്റ്‌ സംവിധാനത്തിന്‌ അനുമതി ലഭിച്ചതായി കേന്ദ്ര തൊഴിൽ മന്ത്രാലയം അറിയിച്ചു.

സിപിപിഎസ്‌ നിലവിൽ വന്നാല്‍ ഇപിഎഫ്‌ പെൻഷൻകാർ ബാങ്ക്‌ മാറുകയോ ശാഖ മാറുകയോ മറ്റൊരു സ്ഥലത്തേക്ക്‌ മാറുകയോ ചെയ്യുമ്പോൾ പെൻഷൻ പേയ്‌മെന്റ് ഓർഡർ ഒരു ഓഫീസിൽ നിന്ന്‌ മറ്റൊരു ഓഫീസിലേക്ക്‌ മാറ്റേണ്ട സാഹചര്യം ഒഴിവാകും.

പെൻഷൻ കിട്ടിത്തുടങ്ങുന്ന ഘട്ടത്തിൽ പരിശോധനക്കായി ബന്ധപ്പെട്ട ബാങ്ക്‌ ശാഖ സന്ദർശിക്കേണ്ട സ്ഥിതിയും ഒഴിവാകും. ഇപിഎഫ്‌ പെൻഷൻകാർ ദീർഘനാളായി നേരിട്ടിരുന്ന ബുദ്ധിമുട്ടിനാണ് പരിഹാരമാകുന്നത്.

നിലവിലെ വികേന്ദ്രീകൃത പെൻഷൻ വിതരണ സംവിധാനത്തിൽ ഇപിഎഫ്‌ഒയുടെ ഓരോ സോണൽ റീജ്യണൽ ഓഫീസും മൂന്നോ നാലോ ബാങ്കുമായാണ്‌ പെൻഷൻ വിതരണത്തില്‍ ധാരണയുള്ളത്.

സിപിപിഎസിന്റെ അടുത്ത ഘട്ടത്തിൽ ആധാർ അധിഷ്‌ഠിത പേയ്‌മെന്റ്‌ സംവിധാനത്തിലേക്ക്‌ മാറുമെന്നും തൊഴിൽ മന്ത്രാലയം അറിയിച്ചു.