2 മാസത്തെ ക്ഷേമ പെൻഷൻ വിതരണം ഈ മാസം 11ാം തീയതി മുതൽ

തിരുവനന്തപുരം: ഓണത്തിന് രണ്ട് മാസത്തെ ക്ഷേമ പെൻഷൻ ഓണത്തിന് മുമ്പ് നൽകാൻ സർക്കാർ തീരുമാനം. തുക അനുവദിച്ചുകൊണ്ടുളള്ള ഉത്തരവ് പുറത്തിറങ്ങി. ഈ മാസം 11ാം തീയതി മുതൽ പെൻഷൻ‌ വിതരണം ചെയ്ത് തുടങ്ങും.

സംസ്ഥാനത്തെ ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്ക് ഒരു മാസത്തെ കുടിശിക കൂടി ചേര്‍ത്താണ് ഓണത്തിന് മുൻപ് പണം കിട്ടുന്നത്. അറുപത് ലക്ഷത്തോളം ആളുകൾക്ക് 3,200 രൂപ വീതം ഓണത്തിന് മുൻപ് വീട്ടിലെത്തും വിധമാണ് ക്രമീകരണം.1800 കോടി രൂപയാണ് ഇതിനായി വകയിരുത്തുന്നത്. തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം തെറ്റുതിരുത്തൽ നടപടികളുടെ ഭാഗമായി മുഖ്യമന്ത്രി പ്രഖ്യാപിച്ച മുൻഗണനകളിൽ പ്രധാനം ക്ഷേമ പെൻഷൻ വിതരണമായിരുന്നു. ഇതടക്കം സാമൂഹിക സുരക്ഷാ നടപടികൾക്ക് കൂടുതൽ പണം വകയിരുത്തുമെന്നാണ് ധനവകുപ്പ് പറയുന്നത്.

കടമെടുപ്പ് പരിധിയിൽ കേന്ദ്രം അനുവദിച്ച 4500 കോടി രൂപ ഇതിനായി വിനിയോഗിക്കും. ഡിസംബര്‍ വരെ കേരളത്തിന് അനുവദിച്ച കടമെടുപ്പ് പരിധി 20,512 ആയിരുന്നു. അര്‍ഹമായതിൽ 13,000 കോടിയോളം കുറവുണ്ടെന്നും ഇത് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കേരളം നിരന്തരം സമീപിച്ചതിനെ തുടര്‍ന്നാണ് മൂന്നിലൊന്ന് തുക കൂടി അനുവദിക്കാൻ കേന്ദ്രം തയ്യാറായത്.