രണ്ട് മണിക്കൂറിനകം മൊബൈല്‍ നമ്പര്‍ വിച്ഛേദിക്കും’ സന്ദേശത്തില്‍ വിശദീകരണവുമായി കേന്ദ്രം

ന്യൂഡല്‍ഹി | രണ്ട് മണിക്കൂറിനുള്ളില്‍ മൊബൈല്‍ നമ്പര്‍ വിച്ഛേദിക്കും എന്ന് ഭീഷണിപ്പെടുത്തി വ്യാജ കോള്‍. വ്യക്തികളെ തട്ടിപ്പിന് ഇരയാക്കാന്‍ ലക്ഷ്യമിട്ടുള്ള ഇത്തരം വ്യാജ കോളുകളില്‍ വീഴരുതെന്ന് ടെലി കമ്മ്യൂണിക്കേഷന്‍ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

ഇത്തരം വ്യാജ കോളുകള്‍ ലഭിക്കുന്നവരുടെ എണ്ണം വര്‍ധിച്ച പശ്ചാത്തലത്തിലാണ് ടെലി കമ്മ്യൂണിക്കേഷന്‍ വകുപ്പ് മുന്നറിയിപ്പ് നല്‍കിയത്. മൊബൈല്‍ നമ്പര്‍ വിച്ഛേദിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു ഉപയോക്താവിനെയും വിളിക്കാറില്ലെന്ന് ടെലി കമ്മ്യൂണിക്കേഷന്‍ വകുപ്പ് വിശദീകരിച്ചു.

അത്തരം വ്യാജ കോളുകള്‍ വന്നാല്‍ ഉപയോക്താക്കള്‍ ജാഗ്രത പുലര്‍ത്തണം. വ്യക്തിഗത വിവരങ്ങള്‍ ഒരു കാരണവശാലും നല്‍കാന്‍ തയ്യാറാവരുതെന്നും ടെലി കമ്മ്യൂണിക്കേഷന്‍ വകുപ്പിന്റെ നിര്‍ദേശത്തില്‍ പറയുന്നു.

ഇത്തരത്തില്‍ കോളുകള്‍ വന്നാല്‍ സര്‍വീസ് പ്രൊവൈഡര്‍മാരെ വിളിച്ച് കോളിന്റെ ആധികാരികത ഉറപ്പ് വരുത്തേണ്ടതാണ്. കൂടാതെ, ഉടന്‍ തന്നെ നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടലായ cybercrime.gov.in ല്‍ കയറി റിപ്പോര്‍ട്ട് ചെയ്യാന്‍ മറക്കരുതെന്നും ടെലി കമ്മ്യൂണിക്കേഷന്‍ വകുപ്പ് ഓര്‍മ്മിപ്പിക്കുന്നു.