നവോത്ഥാന മൂല്യങ്ങളെ പിന്നോട്ട് കൊണ്ടുപോകാനുള്ള നീക്കങ്ങൾ നടക്കുന്നു: മുഖ്യമന്ത്രി

നാട്ടിൽ നവോത്ഥാന മൂല്യങ്ങളെ പിന്നോട്ട് കൊണ്ടുപോകാനുള്ള നീക്കങ്ങൾ നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ആലപ്പുഴയിൽ കെപിഎംഎസ്സിന്റെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നമ്മുടെ നാടിനെ പിന്നോട്ട് കൊണ്ടുപോകാനുള്ള നീക്കം നടക്കുമ്പോൾ നമ്മൾ ഒന്നിച്ചു നിൽക്കണമെന്നും പിണറായി വിജയൻ പറഞ്ഞു.

എല്ലാവരും സഹോദരങ്ങളേ പോല ജീവിക്കുന്ന നാടായി മാറുക എന്നതാണ് നവോത്ഥാനത്തിന്റെ സന്ദേശം. നേരത്തെ നവോത്ഥാന പ്രസ്ഥാനങ്ങൾ ശക്തമായ നിലയിൽ അയൽനാടുകളിൽ ഉണ്ടായിരുന്നു. ഈ അവസ്ഥ അവിടെ തുടരാൻ ആയില്ല. വസ്തുതകൾ പരിശോധിച്ചാൽ നവോത്ഥാന മൂല്യങ്ങൾക്ക് പോറൽ ഏൽക്കുന്ന നീക്കങ്ങൾ നടക്കുന്നതായും ജനങ്ങൾക്കുള്ള തെറ്റായ നിലപാടല്ല ഇതിന് കാരണം എന്നും മുഖ്യമന്ത്രി പറഞ്ഞു.

അടിച്ചമർത്തപ്പെട്ട വിഭാഗം വലിയതോതിൽ പീഡനം അനുഭവിച്ചു. കൊലകൊമ്പന്മാരായ ഈ ശക്തിയെ ചോദ്യം ചെയ്യുന്ന വിഭാഗങ്ങൾ ഉയർന്നുവന്നു അതിലൂടെ അതിനെ അടിച്ചമർത്താൻ കഴിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു. ജാതിഭേദം മതവിദ്വേഷം ഇല്ലാത്ത നാട് എന്ന ചിന്ത എല്ലാവർക്കും ഉണ്ടോ എന്ന് മുഖ്യമന്ത്രി ചോദിച്ചു. ഇതിന് എതിരെ നിൽക്കുന്നവർക്കെതിരെ ഒന്നിച്ച് നിൽക്കാൻ ആകണം എന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. കെപിഎംഎസ് നേതാവ് പുന്നല ശ്രീകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്, എംഎൽഎമാരായ പി പി ചിത്തരഞ്ചൻ എച്ച് സലാം രമേശ് ചെന്നിത്തല തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു