മലബാര്‍ കാന്‍സര്‍ സെന്റര്‍: കെട്ടിടസമുച്ചയത്തിന്റെ ശിലാസ്ഥാപനം 24ന് മുഖ്യമന്ത്രി നിര്‍വഹിക്കും

തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററിനെ പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയന്‍സസ് ആന്റ് റിസെര്‍ച്ച് ആക്കുന്നതിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന കെട്ടിടസമുച്ചയത്തിന്റെ ശിലാസ്ഥാപനം ഫെബ്രുവരി 24ന് ഉച്ചക്ക് മൂന്ന് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. സര്‍ക്കാരിന്റെ പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തീകരിച്ച ജലശുദ്ധീകരണ പ്ലാന്റ്, 3 ടെസ്്ല എം ആര്‍ ഐ, ഡെക്സാ സ്‌കാന്‍, ഗാലിയന്‍ ജനറേറ്റര്‍ എന്നിവയുടെ ഉദ്ഘാടനവും ചടങ്ങില്‍ നടക്കും. കിഫ്ബി ധനസഹായത്തോടെ 14 നിലകളിലായാണ് കെട്ടിടസമുച്ചയം ഒരുങ്ങുന്നത്. 406 കോടി രൂപ ചെലവഴിച്ച് നിര്‍മിക്കുന്ന കെട്ടിടത്തില്‍ 450 ബെഡ്ഡുകള്‍, 14 ഓപ്പറേഷന്‍ തീയേറ്ററുകള്‍, ആധുനിക സൗകര്യങ്ങളോടുകൂടിയ വിവിധ ഡിപ്പാര്‍ട്ട്മെന്റുകള്‍ എന്നിവ സജ്ജീകരിക്കും. ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണ ജോര്‍ജ് അധ്യക്ഷത വഹിക്കും. നിയസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍, ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാലന്‍ എന്നിവര്‍ മുഖ്യാതിഥികളാകും. എം പിമാരായ കെ മുരളീധരന്‍, ഡോ.വി ശിവദാസന്‍, പി സന്തോഷ് കുമാര്‍, ജോണ്‍ ബ്രിട്ടാസ് തുടങ്ങിയവര്‍ പങ്കെടുക്കും.