ഫയർ & റെസ്ക്യു ആദ്യ വനിത ഓഫീസർമാരുടെ പാസിംഗ് ഔട്ട് പരേഡ് പേരൂർക്കട എസ്എപി ക്യാമ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

ഫയർ & റെസ്ക്യു ആദ്യ വനിത ഓഫീസർമാരുടെ പാസിംഗ് ഔട്ട് പരേഡ് പേരൂർക്കട എസ്എപി ക്യാമ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കേരള ഫയർ സർവീസിലെ ഒരു സുവർണ്ണ നിമിഷമാണ് ഇതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാർവദേശിക വനിതാദിനത്തിന്റെ ഭാഗമായിത്തന്നെ വനിതകളുടെ പാസിംഗ് ഔട് പരേഡ് സംഘടിപ്പിച്ചത് കൂടുതൽ സന്തോഷകരമായ കാര്യമാണ്. വലിയ ഉത്തരവാദിത്തമാണ് ഓരോരുത്തർക്കും നിർവഹിക്കാനുള്ളതതെന്നും ആ ഉത്തരവാദിത്വം തികഞ്ഞ ഗൗരവത്തോടെ സമീപിക്കണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.82 വനിതകളാണ് ഇന്ന് പാസിംഗ് ഔട്ട് പരേഡ് പൂർത്തിയാക്കിയത്. മികച്ച അക്കാദമി യോഗ്യത ഉള്ളവരാണ് ഇവർ ഓരോരുത്തരും. കഠിനമായ പരിശീലമാണ് ഇവർക്ക് ലഭിച്ചത്. ഈ പരിശീലനം മികച്ച രീതിയിൽ കൃത്യനിർവഹണം നടത്തുന്നതിന് ഓരോരുത്തർക്കും ഉപകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.ഏതു ദുരന്ത ഘട്ടത്തിലും സഹായം എത്തിക്കുന്ന സേനയായി ഫയർഫോഴ്സ് മാറി. പ്രളയഘട്ടത്തിൽ മാതൃകാപരമായി പ്രവർത്തിക്കാൻ ഫയർഫോഴ്‌സിനായി. ഫയർഫോഴ്സിൽ വനിതകളെ നിയമിക്കണമെന്ന് കഴിഞ്ഞ എൽഡിഎഫ് സർക്കാർ ആണ് തീരുമാനിച്ചത്. വനിതാ ഓഫീസർമാരുടെ കടന്നു വരവ് സേനയിൽ ലിംഗസമത്വം ഉറപ്പാക്കും. വനിതകൾക്ക് അപ്രാപ്യമായ ഒരു മേഖലയും ഇല്ല എന്ന് കേരളം തെളിയിക്കുന്നുവെന്നും സേനയുടെ കാര്യപ്രാപ്തി വർദ്ധിക്കുന്നതിന് വനിതകളുടെ പ്രാതിനിധ്യം ഗുണമാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.