എൽഡിഎഫ് സർക്കാരിന്റെ മൂന്നാം വാർഷികത്തിൽ കുറിപ്പ് പങ്കുവച്ച് മുഖ്യമന്ത്രി
എൽഡിഎഫ് സർക്കാർ നാലാം വർഷത്തിലേക്ക് കടന്ന സാഹചര്യത്തിൽ കുറിപ്പ് പങ്കുവച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.
എൽ ഡി എഫ് സർക്കാർ അതിന്റെ നാലാം വർഷത്തിലേക്ക് കടന്നിരിക്കുകയാണ്. ഈ സർക്കാരിന്റെ നാലാം വർഷമാണെങ്കിലും തുടർഭരണത്തിന്റെ ഒമ്പതാം വർഷത്തിലേക്കാണ് നമ്മൾ കടക്കുന്നത്. കഴിഞ്ഞ എട്ടു വർഷംകൊണ്ട് സമാനതകളില്ലാത്ത നേട്ടങ്ങൾ കൈവരിക്കാൻ കേരളത്തിനു കഴിഞ്ഞിട്ടുണ്ട്.
കേരളവികസനത്തിന്റെ അടിസ്ഥാനമായി വർത്തിച്ചവയ്‌ക്കൊക്കെ കോട്ടം തട്ടുന്ന അവസ്ഥയായിരുന്നു 2016 ൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിൽ വരുമ്പോൾ നിലവിലുണ്ടായിരുന്നത്. നമ്മുടെ പൊതുവിദ്യാലയങ്ങൾ അടച്ചുപൂട്ടപ്പെട്ടു. ആശുപത്രികൾ മതിയായ സൗകര്യങ്ങൾ ഇല്ലാതെ വിഷമിച്ചു. പാർപ്പിട പദ്ധതികളെല്ലാം നിലച്ചു. ക്ഷേമ പെൻഷനുകൾ കുടിശ്ശികയായിത്തീർന്നു. വികസനം മരവിച്ചു. ആ അവസ്ഥ മാറ്റിയെടുക്കലായിരുന്നു പുതിയ സർക്കാരിനു മുന്നിലെ പ്രധാന വെല്ലുവിളി. അതിന്റെ ഭാഗമായി എൽ ഡി എഫ് സർക്കാർ പല പദ്ധതികൾ ആവിഷ്‌ക്കരിച്ചു. ഹരിതകേരള മിഷൻ ആരംഭിച്ചു, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം മുന്നോട്ടുവെച്ചു, ആർദ്രം പദ്ധതി നടപ്പാക്കി, ലൈഫ് മിഷൻ മുഖേന വീടുകൾ പണികഴിപ്പിച്ചു നൽകി. ഇന്ന് നമ്മുടെ പൊതുവിദ്യാലയങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർന്നിരിക്കുകയാണ്. നമ്മുടെ ആശുപത്രികളിൽ നൂതന സൗകര്യങ്ങൾ ലഭ്യമാണ്. മെഡിക്കൽ കോളേജുകളിൽ മാത്രം ലഭ്യമായിരുന്ന പല ചികിത്സകളും ഇന്ന് താലൂക്കുതലം വരെയുള്ള ആശുപത്രികളിൽ ലഭ്യമാണ്.
ലൈഫ് മിഷൻ മുഖേന 4 ലക്ഷത്തോളം വീടുകൾ യാഥാർത്ഥ്യമാക്കിക്കഴിഞ്ഞു. ക്ഷേമ പെൻഷനുകൾ 1,600 രൂപയാക്കി ഉയർത്തി. 55 ലക്ഷത്തോളം ആളുകൾക്ക് അവ ലഭ്യമാക്കുന്നു. ക്ഷേമമേഖലയിലെ ഇത്തരം മാതൃകകളെ ശക്തിപ്പെടുത്തുന്നതോടൊപ്പം അടിസ്ഥാനസൗകര്യ വികസനത്തിൽക്കൂടി കഴിഞ്ഞ എൽ ഡി എഫ് സർക്കാർ ശ്രദ്ധ ചെലുത്തി. അതിന്റെ ഭാഗമായി കിഫ്ബിയെ പുനരുജ്ജീവിപ്പിച്ചു. കഴിഞ്ഞ എട്ട് വർഷംകൊണ്ട് 83,000 കോടിയിലധികം രൂപയുടെ പദ്ധതികൾ കിഫ്ബി മുഖേന ഏറ്റെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. ദേശീയപാതാ വികസനം, ഗെയ്ൽ പൈപ്പ്‌ലൈൻ, പവർ ഹൈവേ, ദേശീയ ജലപാത, കൊച്ചി മെട്രോ, കൊച്ചി വാട്ടർ മെട്രോ തുടങ്ങി നിരവധി പദ്ധതികൾ ദൃഷ്ടാന്തങ്ങൾ.
അടിസ്ഥാനസൗകര്യ വികസന മേഖലയിലും ക്ഷേമ മേഖലയിലും നാം കൈവരിച്ച നേട്ടങ്ങളിൽ അടിസ്ഥാനപ്പെട്ടുകൊണ്ട് കേരളത്തെ വൈജ്ഞാനിക സമ്പദ്‌വ്യവസ്ഥയായി പരിവർത്തിപ്പിക്കാനാണ് ഈ സർക്കാർ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി പല മേഖലകളിലുമുള്ള പോരായ്മകൾ നികത്തുന്നതിനും വിടവുകൾ ഇല്ലാതാക്കുന്നതിനും നമ്മൾ പ്രാധാന്യം കൊടുക്കുകയാണ്. ദാരിദ്ര്യം ഏറ്റവും കുറഞ്ഞ ഇന്ത്യൻ സംസ്ഥാനമാണ് കേരളം. അവിടെനിന്ന് ഒരു പടികൂടി കടന്ന് അതിദാരിദ്ര്യ നിർമ്മാർജ്ജനത്തിലേക്ക് നമ്മൾ ചുവടുവയ്ക്കുകയാണ്. 2025 നവംബർ ഒന്നോടെ കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനമായി മാറും. ഭൂരഹിതരില്ലാത്ത കേരളം ലക്ഷ്യംവച്ചുകൊണ്ട് മൂന്നേകാൽ ലക്ഷത്തിലധികം പട്ടയങ്ങൾ ഇതിനോടകം വിതരണം ചെയ്തു കഴിഞ്ഞു. ആദിവാസികളടക്കമുള്ള പാർശ്വവത്കൃത ജനവിഭാഗങ്ങൾക്ക് ഭൂമി ലഭ്യമാക്കുന്നതിനുള്ള പ്രത്യേക പദ്ധതികളും നടപ്പാക്കിവരികയാണ്.
വൈജ്ഞാനിക മേഖലയിൽ നാം കൈവരിച്ച നേട്ടങ്ങളെ ഉത്പാദന മേഖലയുമായി ബന്ധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഏറ്റെടുത്തു. ഇതിന്റെ ഭാഗമായി ഉന്നതവിദ്യാഭ്യാസ മേഖലയെ ഒന്നാകെ പരിഷ്‌ക്കരിക്കുകയാണ്. നൈപുണ്യ വികസനവും സംരഭകത്വ വികസനവുമെല്ലാം ഇന്ന് നമ്മുടെ ഉന്നതവിദ്യാഭ്യാസത്തിന്റെ ഭാഗമാണ്. അതിനായി കണക്ട് കരിയർ ടു ക്യാമ്പസ്, യങ് ഇന്നവേറ്റേഴ്‌സ് പ്രോഗ്രാം, ഇൻഡസ്ട്രി ഓൺ ക്യാമ്പസ് തുടങ്ങിയവ നടപ്പാക്കിവരികയാണ്. ക്യാമ്പസ് ഇന്റസ്ട്രിയൽ പാർക്കുകളും യാഥാർത്ഥ്യമാവുകയാണ്.
വ്യവസായ മേഖലയിൽ മുന്നേറ്റം കൈവരിക്കുന്നതിനായി നിരവധി പദ്ധതികളാണ് നടപ്പാക്കിവരുന്നത്. ഒരു വർഷംകൊണ്ട് ഒരു ലക്ഷം സംരംഭങ്ങൾ തുടങ്ങുക എന്ന ലക്ഷ്യത്തോടെയാണ് സംരംഭകവർഷം പദ്ധതി നടപ്പാക്കിയത്. ആദ്യത്തെ എട്ട് മാസം കൊണ്ടുതന്നെ പ്രതീക്ഷിച്ച ലക്ഷ്യമായ ഒരു ലക്ഷത്തിലേക്കെത്താൻ നമുക്കു കഴിഞ്ഞു. കഴിഞ്ഞ സാമ്പത്തികവർഷം ആകെയെടുത്താൽ 1,39,000 ത്തോളം സംരംഭങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്. 3 ലക്ഷത്തോളം തൊഴിലവസരങ്ങളും 8,500 കോടിയോളം രൂപയുടെ നിക്ഷേപവും ഇതുവഴിയുണ്ടായി. സംരംഭക വർഷം പദ്ധതിക്കു ലഭിച്ച ഈ സ്വീകാര്യതയിൽ നിന്ന് ഊർജ്ജം ഉൾക്കൊണ്ടാണ് ഇപ്പോൾ സംരംഭക വർഷം 2.0 പദ്ധതി നടപ്പാക്കുന്നത്.