പാതിവില തട്ടിപ്പ് കേസില്‍ 1343 കേസുകള്‍ സംസ്ഥാനത്ത് ഇതുവരെ രജിസ്റ്റര്‍ ചെയ്തുവെന്ന് മുഖ്യമന്ത്രി
പാതിവില തട്ടിപ്പ് കേസില്‍ 1343 കേസുകള്‍ സംസ്ഥാനത്ത് ഇതുവരെ രജിസ്റ്റര്‍ ചെയ്തുവെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു. ക്രൈംബ്രാഞ്ച് എഡിജിപിയ്ക്കാണ് അന്വേഷണ ചുമതല എന്നും മുഖ്യ പ്രതികളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.665 കേസുകള്‍ ക്രൈംബ്രാഞ്ചിന് കൈമാറി. മുഖ്യപ്രതികളെ എല്ലാം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇനിയും ഇത്തരം തട്ടിപ്പ് പുറത്ത് വരാന്‍ ഉണ്ട്. പ്രമുഖ വ്യക്തികള്‍ക്ക് ഒപ്പം നിന്നുള്ള ഫോട്ടോകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് ആയിരുന്നു തട്ടിപ്പ്. ആദ്യ ഘട്ടത്തില്‍ പദ്ധതിയില്‍ ചേര്‍ന്നവര്‍ക്ക് പാതി വിലയില്‍ സ്‌കൂട്ടര്‍ ലഭിച്ചുവെന്നും പിന്നീട് ചേര്‍ന്നവര്‍ ആണ് തട്ടിപ്പിനിരയായതെന്നും മുഖ്യമന്ത്രി അറിയിച്ചു.തട്ടിപ്പിന് ഇരയാവര്‍ക്ക് ഒപ്പമാണ് സര്‍ക്കാര്‍. അന്വേഷണ ഭാഗമായി ഇനിയും കുറെയധികം വിവരങ്ങള്‍ പുറത്തുവരാന്‍ ഉണ്ട്. വിശ്വാസ്യത നേടിയെടുക്കാന്‍ ഫീല്‍ഡ് തലത്തില്‍ കോഡിനേറ്റര്‍മാരെ നിയമിച്ചായിരുന്നു തട്ടിപ്പെന്നും രാഷ്ട്രീയക്കാര്‍ക്ക് പങ്കുണ്ടോ എന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
അന്വേഷണം പൂര്‍ത്തിയായാലേ അത്തരം കാര്യങ്ങള്‍ ലഭ്യമാകു. ഇരകളുടെ താല്‍പര്യത്തിനൊപ്പം ആണ് സര്‍ക്കാര്‍. നിയമപരമായ കാര്യങ്ങള്‍ പൂര്‍ത്തിയായാലേ തുക തിരിച്ച് നല്‍കുന്ന കാര്യങ്ങളിലേക്ക് കടക്കാന്‍ കഴിയൂ. തട്ടിപ്പിന് ഇരയായവര്‍ എല്ലായിടങ്ങളിലും ഉണ്ട്. ഇത്തരം കാര്യങ്ങളില്‍ ഗൗരവകരമായ നിലപാട് തന്നെയാണ് അന്വേഷണ ഏജന്‍സികള്‍ നടത്തുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
തട്ടിപ്പുകാര്‍ നല്‍കുന്ന മോഹന വാഗ്ദാനങ്ങളില്‍ പൊതുജനങ്ങള്‍ വീഴാതിരിക്കാന്‍ ശ്രദ്ധിക്കണം. എന്നെ ഒന്ന് പറ്റിച്ചോളൂ എന്ന് പറഞ്ഞു അങ്ങോട്ട് പോകുന്ന അവസ്ഥ ഉണ്ടാകരുതെന്നും സമൂഹം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പോലീസിനും ഇക്കാര്യത്തില്‍ പരിമിതി ഉണ്ടെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.