പാർട്ട് ടൈം ജോലിയുടെ പേരിൽ തട്ടിപ്പ്: മട്ടന്നൂരിൽ യുവാവിന് നഷ്ടമായത് നാലുലക്ഷം രൂപ

കണ്ണൂർ : പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് ഓൺലൈൻ തട്ടിപ്പ് സംഘം യുവാവിൽ നിന്ന് ലക്ഷങ്ങൾ തട്ടിയതായി പരാതി. മട്ടന്നൂർ മരുതായി സ്വദേശിയായ 41-കാരനിൽ നിന്നാണ് വിവിധ ഘട്ടങ്ങളിലായി 4,17,483 രൂപ തട്ടിയെടുത്തത്. കണ്ണൂർ സൈബർ സെൽ പോലീസിൽ യുവാവ് പരാതി നൽകി.

സോഷ്യൽ മീഡിയ ആപ്പായ ടെലഗ്രാമിലൂടെ പാർട് ടൈം ജോലിചെയ്ത് പണം സമ്പാദിക്കാമെന്ന് യുവാവിനെ പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. ജൂലായ് 13 മുതൽ 17 വരെ വിവിധ അക്കൗണ്ടുകളിലേക്ക് ഇദ്ദേഹം പണം നിക്ഷേപിച്ചു.ടെലഗ്രാം വഴി ടാസ്കുകൾ അയച്ച് ഓരോ ടാസ്ക് പൂർത്തീകരിക്കുമ്പോഴേക്കും ലാഭം നൽകാമെന്നും പറഞ്ഞിരുന്നെങ്കിലും നൽകിയില്ല.

പിന്നീട് നിക്ഷേപിച്ച തുകയോ പലിശയോ നൽകാതെ വഞ്ചിച്ചുവെന്ന് യുവാവ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.പോലീസ് അന്വേഷണം ആരംഭിച്ചു.