അഞ്ച് വയസുകാരിയെ കൊലപ്പെടുത്തിയ കേസിൻ്റെ അന്വേഷണത്തിൽ വീഴ്ചയെന്ന വിമർശനങ്ങളോട് പ്രതികരിച്ച് പൊലീസ്

ആലുവയിൽ അഞ്ച് വയസുകാരിയെ കൊലപ്പെടുത്തിയ കേസിൻ്റെ അന്വേഷണത്തിൽ വീഴ്ചയെന്ന വിമർശനങ്ങളോട് പ്രതികരിച്ച് പൊലീസ്. പരാതി ലഭിച്ചത് മുതൽ ഊർജിതമായ അന്വേഷണം നടത്തിയെന്ന് പൊലീസ് പറയുന്നു. രാവിലെ തന്നെ പ്രതിയെ കണ്ടെത്തി അറസ്റ്റ് രേഖപ്പെടുത്തി. കുഞ്ഞിനെ ജീവനോടെ മാതാപിതാക്കൾക്കരികിൽ എത്തിക്കാനാവാത്തതിൽ മറ്റു മനുഷ്യരെ പോലെ ഓരോ പൊലീസ് ഉദ്യോഗസ്ഥനും വേദനയാണ് എന്നും പൊലീസ് വിശദീകരിച്ചു. കുഞ്ഞിന് ആദരാഞ്ജലി അർപ്പിച്ച് ഫേസ്ബുക്ക് പേജിൽ പങ്കുവച്ച പോസ്റ്റിൻ്റെ കമൻ്റ് ബോക്സിലാണ് പൊലീസിൻ്റെ വിശദീകരണം.

പൊലീസിൻ്റെ പ്രതികരണക്കുറിപ്പ്:

കണ്ണീർപൂക്കളെപ്പോലും കൂരമ്പുകളാക്കുന്നവരോടാണ് .. !! ഇന്നലെ വൈകുന്നേരം 7 മണിക്ക് പരാതി ലഭിക്കുന്നതുമുതൽ പോലീസ് ഊർജിതമായ അന്വേഷണം ആരംഭിച്ചിരുന്നു. ആ കുഞ്ഞിനെ ജീവനോടെ മാതാപിതാക്കൾക്കരികിൽ എത്തിക്കുകയെന്നതായിരുന്നു ഞങ്ങളുടെ ലക്‌ഷ്യം. CCTV ദൃശ്യങ്ങൾ ശേഖരിച്ചു പരമാവധി വേഗത്തിൽ പ്രതിയെ തിരിച്ചറിയാനായി. രാവിലെ തന്നെ പ്രതിയെ കണ്ടെത്തി അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ആ കുഞ്ഞിനെ ജീവനോടെ മാതാപിതാക്കൾക്കരിലെത്തിക്കാൻ ആയില്ലെന്നത് നിങ്ങളെപ്പോലെ തന്നെ ഓരോ പോലീസുദ്യോഗസ്ഥനും വേദനയാണ്. കാരണം ഞങ്ങളും മാതാപിതാക്കളാണ്. ആ വേദനയാണ് ഈ ആദരാഞ്ജലി പോസ്റ്റിലൂടെ ഞങ്ങൾ പങ്കുവെച്ചിരിക്കുന്നത്.